ഗുരു വചനം വെള്ളാപ്പള്ളി പഠിക്കണം, എന്നിട്ടു വേണം വിമര്‍ശിക്കുവാന്‍ . . .

ലയാളികളുടെ മനസ്സിനെ ഏറെ ആഴത്തില്‍ സ്വാധീനിച്ചതാണ് ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍. അധസ്ഥിതരെന്ന് മുദ്രകുത്തപ്പെട്ടവര്‍ക്ക് അത് അസാധാരണ ഉണര്‍വാണ് നല്‍കിയിരുന്നത്. ആ മുന്നേറ്റത്തിലെ അടിസ്ഥാന തത്വമായിരുന്നു, ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സന്ദേശം. ഇത്തരമൊരു സന്ദേശം നാടിന് പകര്‍ന്ന് നല്‍കിയ ഗുരുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയുടെ തലപ്പത്ത് ജാതി – മത പരിഗണനയില്‍ നിയമനം നടത്തുക എന്നത് ശ്രീനാരായണ ഗുരുവിനെ തന്നെ അപമാനിക്കുന്ന നിലപാടാണ്. ഇക്കാര്യം വെളളാപ്പള്ളി നടേശനാണ് ആദ്യം തിരിച്ചറിയേണ്ടത്.

ഇവിടെ മെറിറ്റാണ് യോഗ്യതയാക്കേണ്ടത്. ഇപ്പോള്‍ നിയമനം നല്‍കിയ വൈസ് ചാന്‍സലര്‍ മുബാറക് പാഷക്ക് ആ യോഗ്യതയില്ലെങ്കില്‍ അക്കാരണത്താലാണ് അയാളെ മാറ്റേണ്ടത്. അതല്ലാതെ നിയമനത്തില്‍ ഒരിക്കലും വര്‍ഗ്ഗീയത ആരോപിക്കരുത്. ഏത് വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും അവിടെയും മാനദണ്ഡമാക്കേണ്ടതും മെറിറ്റ് തന്നെയായിരിക്കണം. ഇതു സംബന്ധമായാണ് ആരോഗ്യകരമായ ചര്‍ച്ചകളും നടക്കേണ്ടത്. അതല്ലാതെ മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കരുത്. ഇക്കാര്യത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം തികച്ചും ദുരുദ്ദേശപരമാണ്.

സര്‍ക്കാര്‍ ശ്രീനാരായണീയ സമൂഹത്തിന്റെ ‘കണ്ണില്‍ കുത്തിയെന്നു’ പറയുന്ന വെള്ളാപ്പള്ളി തന്നെയാണ് സ്വന്തം സമുദായത്തിന്റെ കണ്ണില്‍ കുത്തിയിരിക്കുന്നത്. ശ്രീനാരായണീയരുടെ പക്കല്‍ നിന്നും പണം വാങ്ങി നിയമനം നടത്തുന്ന വെള്ളാപ്പള്ളി സമുദായ സ്‌നേഹം വിളംബരുത്. എസ്.എന്‍.ഡി.പി യോഗത്തിന് കീഴിലുള്ള എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ നിയമനങ്ങള്‍ നടത്തിയെന്ന് തുറന്ന് പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറാകണം. വെറുതെ എന്തും വിളിച്ച് പറയാന്‍ നില്‍ക്കരുത്. പാവപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നു പോലും തലവരി പണം വാങ്ങുന്നവരാണ് ഇപ്പോള്‍ പുകമറ സൃഷ്ടിക്കാനും ശ്രമിക്കുന്നത്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ കുടുങ്ങിയതും ഈ നാട്ടിലെ പാവം ശ്രീ നാരായണീയരാണ്. ഇതു സംബന്ധമായ നിരവധി കേസുകളില്‍ ഇപ്പോഴും വെള്ളാപ്പള്ളിയും മകനും പ്രതികളുമാണ്. എസ്.എന്‍.ഡി.പി യോഗം എന്ന മഹത്തായ ഒരു പ്രസ്ഥാനത്തെ കുടുംബ സ്വത്താക്കിയാണ് വെള്ളാപ്പള്ളി കയ്യടക്കിയിരിക്കുന്നത്. പാവം ശ്രീ നാരായണീയരുടെ ‘കണ്ണില്‍ കുത്തുന്ന’ ഇത്തരം നിലപാടുകളാണ് വെള്ളാപ്പള്ളി ആദ്യം തിരുത്തേണ്ടത്. അവസരവാദികളുടെ പട്ടികയില്‍ മുന്‍ നിരയിലാണ് ഈ സമുദായ നേതാവിന്റെയും സ്ഥാനം. യു.ഡി.എഫ് ഭരണകാലത്ത് ഉമ്മന്‍ ചാണ്ടിയെ ചൊല്‍പ്പടിക്ക് നിര്‍ത്തി കാര്യം സാധിച്ചയാളാണ് വെള്ളാപ്പള്ളി. എന്നാല്‍ പിണറായി അധികാരത്തില്‍ വന്നപ്പോള്‍ നേരെ വിപരീതമായിരുന്നു സ്ഥിതി.

ഇടതു സര്‍ക്കാറിനെ പിണക്കാത്ത നിലപാടാണ് വെള്ളാപ്പള്ളി അപ്പോള്‍ സ്വീകരിച്ചിരുന്നത്. താന്‍ പ്രതിയായ കേസുകളില്‍ അറസ്റ്റ് ഭയന്നായിരുന്നു ഈ നിലപാട് വെള്ളാപ്പള്ളി സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ സര്‍ക്കാറിന്റെ അവസാന ഘട്ടമായതിനാല്‍ നേരെ ‘മറുകണ്ടം’ ചാടാനാണ് അദ്ദേഹത്തിന്റെ ശ്രമം. അതിന്റെ സൂചനയാണ് ഇപ്പോഴത്തെ പ്രസ്താവന. ഭരണ തുടര്‍ച്ച ഒരു മുന്നണിക്കും ലഭിച്ച ചരിത്രമില്ലാത്തതാണ് ഈ നിറം മാറ്റത്തിന് വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇത്തരം അവസരവാദികളെ സഹകരിപ്പിച്ചതാണ് ഇടതുപക്ഷം ചെയ്ത വലിയ തെറ്റ്. സംസ്ഥാനത്തെ ശ്രീ നാരായണീയരില്‍ ബഹുഭൂരിപക്ഷവും അണി നിരന്നിരിക്കുന്നത് സി.പി.എമ്മിലാണ്. ബി.ജെ.പി പോലും അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണിത്.

സാങ്കേതികമായി എസ്.എന്‍.ഡി.പി യോഗത്തിന്റെ തലപ്പത്ത് വെള്ളാപ്പള്ളി ഇരിക്കുന്നുണ്ടെങ്കിലും ആ സമൂഹത്തിലെ ഭൂരിപക്ഷവും വെള്ളാപ്പള്ളിക്ക് എതിരാണ്. എസ്.എന്‍.ഡി.പി യോഗത്തിന്റെ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ മാറ്റിയാല്‍ ആദ്യം പുറത്താക്കപ്പെടുവാന്‍ പോകുന്നതും വെള്ളാപ്പള്ളിയും മകനുമായിരിക്കും. ഇതറിയുന്നത് കൊണ്ട് തന്നെയാണ് വെള്ളാപ്പള്ളി ഇപ്പോഴും ഏകാധിപത്യ ശൈലി പിന്തുടരുന്നത്. ഭരണമാറ്റം പ്രതീക്ഷിച്ച് യു.ഡി.എഫിനോട് വിലപേശാനാണ് നിലവില്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ഇതിന് വഴിമരുന്നിടുന്നതിനാണ് ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തെ വിവാദമാക്കിയിരിക്കുന്നത്.

മന്ത്രി കെ.ടി ജലീല്‍ നിര്‍ബന്ധിച്ചാണ് പ്രവാസിയെ വി.സി ആക്കിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതിന് മന്ത്രി വാശിപിടിച്ചെന്നും വെള്ളാപ്പള്ളി ആരോപിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളും സംഘടിത ശക്തികളും ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന സംസ്‌കാരമാണ് ഇടതുപക്ഷത്തിന്റേതെന്നാണ് വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരിക്കുന്നത്. സ്വന്തം അനുയായികള്‍ക്ക് പോലും ബോധ്യപ്പെടാത്ത പ്രതികരണമാണിത്. വെള്ളാപ്പള്ളി പറയുമ്പോള്‍ കിടക്കുന്ന സംസ്‌കാരമുള്ള സര്‍ക്കാറല്ല പിണറായി സര്‍ക്കാര്‍. പിണറായിക്ക് മുന്നില്‍ കരഞ്ഞ് കാലു പിടിച്ചത് യഥാര്‍ത്ഥത്തില്‍ വെള്ളാപ്പള്ളിയാണ്. ആ ‘സ്തുതി പാട്ടുകളെല്ലാം’ ഈ കേരളം കണ്ടതുമാണ്.

വെളളാപ്പള്ളിയും സുകുമാരന്‍ നായരും ഉള്‍പ്പെടെയുള്ള സമുദായ നേതാക്കള്‍ക്കൊന്നും ഒരു റോളും ഇടതുപക്ഷ സര്‍ക്കാറില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാറിലെ സ്ഥിതി അതായിരുന്നില്ല. ഉമ്മന്‍ ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഈ സമുദായ നേതാക്കള്‍ ഇടപെട്ടിരുന്നത്. വെള്ളാപ്പള്ളി ആവശ്യപ്പെട്ട ഒരു കാര്യവും ഉമ്മന്‍ ചാണ്ടി നടത്താതിരുന്നിട്ടില്ല. അടൂര്‍ പ്രകാശിന് റവന്യൂ വകുപ്പ് കിട്ടിയത് ആര് ഇടപെട്ടിട്ടാണ് എന്നതും രാഷ്ട്രീയ കേരളത്തിന് അറിവുള്ള കാര്യമാണ്. വലിയ നേതാവായിട്ടും രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിയാകാന്‍ സുകുമാരന്‍ നായര്‍ക്ക് ഭീഷണി ഉയര്‍ത്തേണ്ടി വന്നതും ചരിത്രമാണ്. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്.

മുസ്ലീം ലീഗ് വാശി പിടിച്ചപ്പോള്‍ അഞ്ചാം മന്ത്രി സ്ഥാനം വിട്ടു നല്‍കിയതും ഉമ്മന്‍ ചാണ്ടിയാണ്. ഇത്തരം ഒരു വിലപേശലും ഇടതുപക്ഷത്ത് നടക്കുകയില്ല. അതു തന്നെയാണ് ചുവപ്പ് രാഷ്ട്രീയത്തിന്റെ പ്രത്യേകതയും. ശ്രീ നാരായണ സര്‍വകലാശാല വി.സി നിയമനത്തില്‍ പിഴവ് വന്നിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് തിരുത്തുക തന്നെ വേണം. യോഗ്യതയില്ലാത്ത ആളെയാണ് നിയമിച്ചതെങ്കില്‍ യു.ജി.സിക്കും ഗവര്‍ണര്‍ക്കും ഇടപെടാനും കഴിയും. ഈ സാധ്യതകളാണ് വിമര്‍ശിക്കുന്നവരും തേടേണ്ടത്. മകന്‍ എന്‍.ഡി.എ കണ്‍വീനറായതിനാല്‍ വെളളാപ്പള്ളിക്ക് ഇക്കാര്യത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. രണ്ട് ‘വള്ളത്തില്‍’ കാലുവച്ചതിന്റെ ഗുണം കിട്ടുമോയെന്ന് ഇപ്പോഴെങ്കിലും ഒന്ന് ശ്രമിച്ചു നോക്കുന്നത് നല്ലതായിരിക്കും.

കാര്യമെന്തായാലും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ഔദാര്യവും പിണറായി സര്‍ക്കാറിനോട് കാണിക്കാന്‍ പോകുന്നില്ല. അക്കാര്യത്തില്‍ വെള്ളാപ്പള്ളിക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ല. വെളളാപ്പള്ളിയെ പോലെ തന്നെ ”കാള പെറ്റെന്ന് കേട്ട മാത്രയില്‍ കയറെടുത്തവരാണ് ” ആര്‍.എസ്.പി നേതൃത്വം. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റാണ് വൈസ് ചാന്‍സലര്‍ നിയമനത്തിന് പിന്നിലെന്നാണ് ആ പാര്‍ട്ടി ആരോപിച്ചിരിക്കുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പത്രസമ്മേളനം വിളിച്ചാണ് ഇത്തരമൊരു ആരോപണമുന്നയിച്ചത്. ശുദ്ധ വിവരക്കേടാണിത്.

ഡി.വൈ.എഫ്.ഐ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഈ നിയമനം അറിഞ്ഞത് തന്നെ മാധ്യമങ്ങളിലൂടെയാണ്. മുഖ്യമന്ത്രിയുടെ മരുമകനാണ് എന്ന ഒറ്റ കാരണത്താലാണ് റിയാസിനെ ഒരു വിഭാഗം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണ്. സര്‍ക്കാറിനെ കടന്നാക്രമിച്ച വെള്ളാപ്പള്ളി പോലും ഉന്നയിക്കാത്ത ആരോപണമാണിത്. കൊല്ലം എം.പിക്ക് പിണറായിയോടുള്ള ശത്രുതയാണ് മരുമകനിലേക്കും പടര്‍ന്നിരിക്കുന്നത്. അതാകട്ടെ സ്വാഭാവികവുമാണ്.

ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീ നാരായണ സര്‍വ്വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ വിളിച്ചു വരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. ക്രമവിരുദ്ധമായത് നടന്നിട്ടുണ്ടെങ്കില്‍ തിരുത്താന്‍ ഒരിക്കലും മടി കാണിക്കരുത്. ഫറൂഖ് കോളജില്‍ എസ്.എഫ്.ഐയെയും ഇടതു സംഘടനകളെയും ഏറെ ദ്രോഹിച്ച വ്യക്തിയാണ് മുബാറക് പാഷ. പിന്നീട് യു.ഡി.എഫ് നോമിനിയായാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കോളേജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടറായത്. അവിടെ നിന്നും പിന്നീട് അദ്ദേഹം ഒമാനിലേക്ക് പോകുകയാണുണ്ടായത്.

ഗള്‍ഫാര്‍ മുഹമ്മദിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിലും ഒമാന്‍ സര്‍വ്വകലാശാലയിലും ജോലി ചെയ്ത് വരികെയാണ് ‘വിവാദ’ നിയമനം പാഷക്ക് ലഭിച്ചിരിക്കുന്നത്. വി.സിയാകാന്‍ 10 വര്‍ഷം പ്രൊഫസര്‍ പദവി വേണമെന്ന ചട്ടം ലംഘിച്ചതായ ആരോപണം ഗുരുതരമാണ്. മെറിറ്റിലല്ലാതെയാണ് ഇയാള്‍ക്ക് നിയമനം കിട്ടിയതെങ്കില്‍ ചുവപ്പിന്റെ ശത്രുക്കള്‍ സര്‍ക്കാറില്‍ തന്നെയുണ്ടെന്ന് വ്യക്തമാണ്.

Top