വാഹനങ്ങള്‍ ഉണ്ടാക്കുന്ന വായുമലിനീകരണം ഭ്രൂണ വളര്‍ച്ച മുരടിപ്പിക്കുമെന്ന് പഠനം

desel-vehicle

ലണ്ടന്‍: അല്പദൂരം പോലും വാഹനമില്ലാതെ യാത്ര ചെയ്യാന്‍ മടിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്.

അതിനാല്‍ തന്നെ ദിനംപ്രതി റോഡുകളില്‍ വാഹനത്തിരക്ക് വര്‍ധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

എന്നാല്‍ ഈ അമിത വാഹനപ്പെരുപ്പം വരുത്തിവെക്കുന്ന പ്രശ്‌നങ്ങള്‍ മനുഷ്യ സൃഷ്ടിക്കുപോലും നാശം വരുത്തുന്നതാണെന്ന് പുതിയ പഠനം.

ഗര്‍ഭിണികളില്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം തൂക്കം കുറഞ്ഞ കുഞ്ഞിന് ജന്‍മം നല്‍കുന്നതിനിടയാക്കുമെന്ന് ലണ്ടനില്‍ നടത്തിയ പഠനത്തിലാണ് വ്യക്തമായത്.

ജന്‍മനാ തൂക്കം കുറഞ്ഞ കുട്ടികള്‍ പെട്ടെന്ന് രോഗബാധിതരാകുന്നു, മാത്രമല്ല പലതരം രോഗങ്ങള്‍ക്ക് ഇരയാകുന്ന കുഞ്ഞുങ്ങളുടെ അതിജീവന സാധ്യതയും തുലാസിലാണ്.

വാഹനങ്ങള്‍ ഉണ്ടാക്കുന്ന വായു മലിനീകരണം ഭ്രൂണവളര്‍ച്ചയെ കാര്യമായി ബാധിക്കുന്നുണ്ടത്രേ.

ലണ്ടന്‍ ഇംപീരിയല്‍ കോളേജ്, കിങ്‌സ് കോളേജ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

6,71,501 ഓളം നവജാത ശിശുക്കളെയാണ് സംഘം പഠനത്തിന് വിധേയമാക്കിയത്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ മാതാവ് താമസിച്ചിരുന്നത് എവിടെയെന്നും, മലിനമാക്കപ്പെട്ട വായുവുമായുള്ള ഇവരുടെ സമ്പര്‍ക്കവും വിശകലനം ചെയ്താണ് നിഗമനത്തിലെത്തിയത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2.500 കിലോഗ്രാമില്‍ കുറഞ്ഞ് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ട്.

തൂക്കക്കുറവ് ആഗോളതലത്തില്‍ തന്നെ പൊതു ആരോഗ്യ പ്രശ്‌നമായാണ് കരുതുന്നത്.

ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.

ഓരോ വര്‍ഷവും ജനിക്കുന്ന 20 മില്യണ്‍ കുഞ്ഞുങ്ങളില്‍ 15 മുതല്‍ 20 ശതമാനവും തൂക്കക്കുറവ് അനുഭവിക്കുന്നുണ്ടെന്നും, തൂക്കക്കുറവിന് അന്തരീക്ഷ മലിനീകരണവും കാരണമാകുന്നുണ്ടെന്നാണ് ലണ്ടനില്‍ നടത്തിയ പഠനം തെളിയിക്കുന്നത്.Related posts

Back to top