രാത്രി യാത്രയിലെ അപകടങ്ങള്‍; വാഹനങ്ങളിലെ ഹെഡ് ലൈറ്റ് ഡിം ചെയ്തില്ലെങ്കില്‍ പിടിവീഴും

രാത്രിയിലെ വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രകാശതീവ്രത കൂടിയ ഹെഡ്ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്. പൊലീസുമായി ചേര്‍ന്ന് പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.

ജില്ലാ പൊലീസിന്റെ ഫേസ്ബുക്ക് പേജ് വഴി കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. പ്രകാശതീവ്രത കൂടിയ ഹെഡ് ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. അതോടൊപ്പം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്. നേരത്തേ, പിടികൂടിയവരില്‍ നിന്ന് ഡിഫക്ടീവ് ലൈറ്റ് എന്ന് രേഖപ്പെടുത്തി 500 രൂപ പിഴയീടാക്കുകയാണ് ചെയ്തിരുന്നത്. ലൈറ്റ് ഡിം ചെയ്യാത്തതും ഹെഡ് ലൈറ്റ് ഇല്ലാത്തതും അവ തകരാറിലായതുമായ കേസുകള്‍ ഇതേ പേരിലാണ് പിഴയീടാക്കുന്നത്. ഇതിനു പുറമേയാണ് രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി.

ഏതു വാഹനമായാലും, രാത്രി എതിര്‍ദിശയില്‍ വാഹനം വരുമ്പോള്‍ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് നിയമം. തീവ്രപ്രകാശത്തിനാലുണ്ടാകുന്ന അപകടങ്ങള്‍ വളരെ കൂടുതലാണ്. കാല്‍നടയാത്രക്കാര്‍ പോലും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നുണ്ട്.

പ്രകാശതീവ്രതയേറിയ എല്‍ഇഡി(ലൈറ്റ് എമിറ്റിങ് ഡയോഡ്), എച്ച്ഐഡി (ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ്) ബള്‍ബുകളാണ് യുവാക്കള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. രാത്രികാലങ്ങളില്‍ ഇവ ഉപയോഗിക്കുന്നത് കൂടുതല്‍ റോഡപകടങ്ങള്‍ക്ക് കാരണമാകുന്നു. ബൈക്കുകളും കാറുകളുമാണ് ഇത്തരം ലൈറ്റുകള്‍ ഉപയോഗിക്കുന്നത്. സാധാരണ വാഹനങ്ങളിലെ ലൈറ്റിനെക്കാള്‍ പത്തുമടങ്ങ് പ്രകാശമുള്ള ഹൈ ഇന്റന്‍സിറ്റി, സിനോണ്‍, പ്രോജക്ട് തുടങ്ങിയ ലൈറ്റുകളും ഇപ്പോള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.

Top