വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി, എംഎല്‍എയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ എംഎല്‍എയുടെ കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി പൊലീസുകാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരുക്ക്. ബിജെഡി എംഎല്‍എയായ പ്രശാന്ത് ജഗദേവ് ഓടിച്ച കാറാണ് ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറിനത്. ഒഡീഷയിലെ ചിലിക മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് പ്രശാന്ത് ജഗദേവ്.

ഒഡീഷയിലെ ഖുര്‍ദ ജില്ലയിലെ ബനാപൂരിലാണ് സംഭവം. ബനാപൂര്‍ ബ്ലോക് ഡവലപ്‌മെന്റ് ഓഫീസില്‍ ബ്ലോക് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിന് എത്തിയതായിരുന്നു എംഎല്‍എ. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഓഫീസിന് പുറത്ത് ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെയുളളവര്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ക്കിടയിലേക്കാണ് എംഎല്‍എയുടെ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഇടിയില്‍ ഏഴ് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

കാര്‍ പാഞ്ഞു കയറിയതിന് പിന്നാലെ ക്ഷുഭിതരായ നാട്ടുകാര്‍ എംഎല്‍എയെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി വളഞ്ഞിട്ട് തല്ലുകയും, കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഖുര്‍ദ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നും ജഗദേവിനെ നീക്കി. എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പൃഥ്വിരാജ് ഹരിശ്ചന്ദ്ര ആവശ്യപ്പെട്ടു.

നേരത്തെ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിജു ജനതാദളില്‍ നിന്ന് ജഗദേവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഖുര്‍ദ എസ്പി അലഖ് ചന്ദ്രപാധി പറഞ്ഞു.

Top