വോളന്ററി സ്ക്രാപ്പിംഗ് പോളിസി; കേരളത്തിൽ 35 ലക്ഷം വാഹനങ്ങളെ ബാധിക്കും

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വോളന്ററി സ്ക്രാപ്പിംഗ് പോളിസി കേരളത്തിലെ 35 ലക്ഷം വാഹനങ്ങളെ ബാധിക്കും. സ്വകാര്യ വാഹനങ്ങൾക്കു 20 വർഷവും വാണിജ്യ വാഹനങ്ങൾക്കു 15 വർഷവുമാണു കാലാവധി. 20 വര്‍ഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇതില്‍ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. രണ്ടാം സ്ഥാനത്ത് കാറുകളാണുള്ളത്. നിലവില്‍ കേരളത്തില്‍ 1,41,84,184 വാഹനങ്ങളുണ്ട്.

1,000 ആളുകള്‍ക്ക് 425 വാഹനങ്ങള്‍ എന്ന നിലയിലാണ് കേരളത്തിലെ വാഹനപ്പെരുപ്പം. രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം വാഹനവിപണിയില്‍ വലിയ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്.

പ്രതിവര്‍ഷം 10.7 ശതമാനം എന്ന നിലയില്‍ വാഹന വളര്‍ച്ച നേടുന്ന സംസ്ഥാനത്ത് മൊത്തം വാഹനങ്ങളുടെ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. അതിനാല്‍ പൊളിച്ചടുക്കല്‍ നയം ഏറ്റവും ബാധിക്കുക ഇരുചക്രവാഹനങ്ങളെയാണ്. രണ്ടാം സ്ഥാനത്ത് കാറുള്‍പ്പെടെ നാല് ചക്രവാഹനങ്ങളാണ്. 22 ശതമാനം. ഓട്ടോറിക്ഷയും ചരക്ക് വാഹനങ്ങളും അഞ്ച് ശതമാനം വീതവും. ഒരു ശതമാനം മാത്രമാണ് ബസ്. പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഇല്ലാതാകുന്നതോടെ വാഹനത്തകരാര്‍ മൂലമുള്ള അപകടങ്ങളും കുറയും.

എന്നാല്‍ സ്‌ക്രാപ്പ് പോളിസി പ്രകാരം വിന്റേജ് വാഹനങ്ങളാണ് ആശങ്കയിലായിരിക്കുന്നത്. കേരളത്തില്‍ രണ്ടേകാല്‍ ലക്ഷം വിന്റേജ് വാഹനങ്ങളുണ്ടെന്നാണ് കണക്ക്. വിദേശ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും സ്‌ക്രാപ്പ് പോളിസി ശക്തമായി നടപ്പാക്കിയാല്‍ വിന്റേജ് വാഹനങ്ങള്‍ കാഴ്ചവസ്തുവായി മാത്രമേ സൂക്ഷിക്കാനാകൂ. പ്രത്യേക ലൈസന്‍സും വേണം. രാജ്യത്ത് സ്‌ക്രാപ്പ് പോളിസി 2022 ഏപ്രിലിലാണ് നിലവില്‍ വരിക എന്നാണ് സൂചന.

Top