വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അമലപോളിനും ഫഹദിനും നോട്ടീസ്‌

തിരുവനന്തപുരം: നികുതി വെട്ടിക്കാന്‍ വ്യാജരേഖ ചമച്ച് പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്‌തെന്ന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടീസ്.

ഈ മാസം 19ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസില്‍നിര്‍ദേശിച്ചിരിക്കുന്നത്.

ഇരുവരുടെയും വീട്ടില്‍ നേരിട്ടെത്തിയാണ് നോട്ടീസ് നല്‍കിയത്.

അതേസമയം, വാഹന നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എം.പി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

സുരേഷ് ഗോപിയുടെ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ, പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ സുരേഷ് ഗോപി എംപിയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.

തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു.

2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് നല്‍കിയത് 2014ലെ വാടകചീട്ടാണെന്നും, യഥാര്‍ത്ഥ മുദ്രപത്രം ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

കേസില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

Top