മോഷണ കേസ് പ്രതിക്ക് കോവിഡ്; 17 പൊലീസ് ഉദ്യോഗസ്ഥരും ജഡ്ജിയും ക്വാറന്റൈനില്‍

ലുധിയാന: വാഹനമോഷണത്തിന് പിടികൂടിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ലുധിയാനയില്‍ 17 പൊലീസ് ഉദ്യോഗസ്ഥരും ജഡ്ജിയും ക്വാറന്റൈനില്‍.

പട്രോളിങ്ങിനിടെയാണ് മോഷ്ടിച്ച ബൈക്കുമായി 24 കാരനായ അസുഖബാധിതനെ പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് ജയിലിലടച്ച ഇയാളെ തുടര്‍നടപടികളുടെ ഭാഗമായി പൊലീസ് കോടതിയിലും ഹാജരാക്കിയിരുന്നു.

പിന്നീട് ചുമയും ജലദോഷവുമുണ്ടെന്ന് യുവാവ് പറഞ്ഞതുപ്രകാരം ഇയാളെ പൊലീസ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.

ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവാവിന്റെ അറസ്റ്റ് ചെയ്തവരുള്‍പ്പടെ 17 പൊലീസ് ഉദ്യോഗസ്ഥരാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. പ്രതിയെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയതിനാല്‍ അദ്ദേഹവും ക്വാറന്റൈനില്‍ പ്രവേശിച്ചു.

പ്രതി ജയ്പൂരിലേക്ക് യാത്ര പോയതില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം. മോട്ടോര്‍ സൈക്കിളുള്‍പ്പടെയുള്ള മോഷണവസ്തുക്കള്‍ വില്ക്കാനായി പോകുന്നതിനിടയിലാണ് ഇയാള്‍ പൊലീസ് പിടിയിലാവുന്നത്.

Top