വാഹന പരിശോധന നാളെ മുതല്‍ വീണ്ടും. . . ശനിയാഴ്ച ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് നിര്‍ത്തി വെച്ച മോട്ടോര്‍ വാഹന പരിശോധന നാളെ മുതല്‍ വീണ്ടും ആരംഭിക്കും.

പരിശോധന ഉണ്ടെങ്കിലും ചട്ടലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കില്ലെന്നും ചട്ടലംഘനങ്ങളുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുക മാത്രമായിരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്.

നിയമം നടപ്പാക്കുന്നതിലെ തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനായി ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു.

മോട്ടോര്‍ വാഹനനിയമഭേദഗതിയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു തല്‍ക്കാലം ഓണക്കാലത്തേക്ക് മാത്രം വാഹനപരിശോധന നിര്‍ത്തി വെച്ചത്. ഉയര്‍ന്ന പിഴ തല്‍ക്കാലം ഈടാക്കേണ്ടെന്നാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നത്.

സെപ്റ്റംബര്‍ ഒന്നു മുതലാണ് രാജ്യത്ത് മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്താന്‍ തീരുമാനിച്ചത്.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനങ്ങള്‍ എല്ലാം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാതെ എങ്ങനെ സംസ്ഥാനങ്ങള്‍ പിഴ കുറയ്ക്കുമെന്നാണ് നിയമ വിദഗ്ധര്‍ ഉന്നയിക്കുന്ന സംശയം.

Top