റോഡരികില്‍ വില്‍പ്പന; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പച്ചക്കറിക്ക് മേല്‍ കാര്‍ കയറ്റിയിറക്കി

vegitables

ഹപുര്‍: റോഡരികില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറിക്കുമേല്‍ കാര്‍ കയറ്റിയിറക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശിലെ ഹപുര്‍ ജില്ലയില്‍ സര്‍ക്കാര്‍ നടത്തുന്ന മാര്‍ക്കറ്റിലാണ് സംഭവം. മാര്‍ക്കറ്റിന്റെ സെക്രട്ടറിയായ സുശീല്‍ കുമാറിന്റെ ഡ്രൈവറാണ് വെള്ള എസ് യു വി കാര്‍ പച്ചക്കറിക്കുമേല്‍ കയറ്റിയിറക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അനുമതിയില്ലാതെ കര്‍ഷകന്‍ പച്ചക്കറി വില്‍പ്പന നടത്തിയതാണ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്. നിരവധി പ്രാവശ്യം പച്ചക്കറിക്കുമേല്‍ വാഹനം കയറ്റിയിറക്കുന്നതും ഇതിനെ തുടര്‍ന്ന്, മറ്റു കച്ചവടക്കാര്‍ വില്പ്പനയ്ക്കു വച്ചിരുന്ന സാധനങ്ങള്‍ മാറ്റുന്നതും വീഡിയോയില്‍ കാണാം. സ്ഥലത്തുണ്ടായിരുന്ന ആരോ ആണ് സംഭവം മൊബൈലില്‍ ചിത്രീകരിച്ചത്. എന്നാല്‍ സംഭവസ്ഥലത്ത് വച്ചുതന്നെ ഡ്രൈവറെ ശാസിച്ചതായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍പറഞ്ഞു.

റോഡരികില്‍ ഇരിക്കരുതെന്നും പകരം കടകളില്‍ ഇരിക്കണമെന്നും സ്വന്തമായി കടകള്‍ ഇല്ലാത്തവര്‍ക്ക് ലൈസന്‍സിനു വേണ്ടി അപേക്ഷിച്ചാല്‍ അതു നല്‍കാമെന്ന് കച്ചവടക്കാരോട് നിരവധി തവണ പറഞ്ഞിട്ടുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്.

Top