പച്ചക്കറി വിലക്കയറ്റം; ഹോര്‍ട്ടികോര്‍പ് തമിഴ്‌നാട് ഉദ്യോഗസ്ഥതല ചര്‍ച്ച

കൊല്ലം: സംസ്ഥാനത്തിലെ പച്ചക്കറി വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഇന്ന് തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ഉദ്യോഗസ്ഥതല യോഗം.രാവിലെ പത്തരയ്ക്ക് തെങ്കാശിയിലുള്ള തമിഴ്‌നാട് കൃഷിവകുപ്പിന്റെ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലാണ് യോഗം. ഹോര്‍ട്ടികോര്‍പ് എംഡിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് കൃഷി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

തെങ്കാശിയില്‍ സംഭരണകേന്ദ്രം ആരംഭിച്ച് ഇടനിലക്കാരെ ഒഴിവാക്കി വിലകയറ്റം പിടിച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സംഭരണ കേന്ദ്രം തുടങ്ങാന്‍ ആലോചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ വില്‍പനശാലകള്‍ വഴി വില്‍ക്കുന്ന നടപടികള്‍ തുടരുകയാണ്

നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി നേരിട്ടെത്തിച്ചതോടെ കേരളത്തില്‍ വില കുറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് പച്ചക്കറി വാങ്ങി വില്‍പ്പന തുടങ്ങിയതോടെയാണ് പൊതുവിപണിയില്‍ വില താഴ്ന്നു തുടങ്ങിയത്. എന്നാല്‍ വീണ്ടും പല പച്ചക്കറികള്‍ക്കും വില ഉയര്‍ന്നു.

വില കുത്തനെ കൂടിയെങ്കിലും പിടിച്ചുനിര്‍ത്താനുള്ള ശ്രമം ഹോര്‍ട്ടികോര്‍പ്പ്, തുടരുകയാണ്. കഴിഞ്ഞ തിങ്കളാള്ച മുതല്‍ ശരാശരി 80 ടണ്‍ പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമായി ഹോര്‍ട്ടികോര്‍പ്പ് കേരളത്തിലെത്തിക്കുന്നുണ്ട്.

Top