മഴക്കെടുതി; വിപണിയില്‍ പച്ചക്കറി വില കുത്തനേ ഉയരുന്നു

കൊച്ചി: മഴക്കെടുതിയ്ക്കു ശേഷം വിപണിയില്‍ ആവശ്യ സാധനങ്ങള്‍ക്കുള്ള വില കുത്തനേ ഉയരുന്നു. പച്ചക്കറികള്‍ക്കാണ് വില ഏറ്റവും അധികം ഉയര്‍ന്നിട്ടുള്ളത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മഴയില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറിയതോടെ അവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനവിന് പ്രധാന കാരണം.

ഒട്ടന്‍ചത്രം, കോയമ്പത്തൂര്‍, ബംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പച്ചക്കറികള്‍ കൊച്ചിയിലെത്തിട്ടുണ്ട്. വയനാട്ടിലെ പ്രകൃതി ദുരന്തം മൂലം നേന്ത്രക്കായയുടെ വരവു നിലച്ചു. രസകദളി പോലെ ഏറ്റവും വില്‍പ്പനയുള്ള വാഴപ്പഴങ്ങള്‍ക്കും വില കയറി. നേന്ത്രക്കായയ്ക്ക് കിലോഗ്രാമിന് 15 രൂപ വരെ വര്‍ധിച്ച് 5,560 രൂപയായി. 70 രൂപയുണ്ടായിരുന്ന രസകദളി 88 രൂപയിലെത്തി.

രണ്ടു ദിവസംകൊണ്ട് മൊത്തവിപണിയില്‍ 10 മുതല്‍ 18 വരെ രൂപയുടെ വര്‍ധന പലതിനുമുണ്ടായി. കിലോഗ്രാമിനു 50 രൂപയുണ്ടായിരുന്ന കാരറ്റ് ഒറ്റയടിക്ക് 70 രൂപയിലെത്തി. ഇതു ചില്ലറ വിപണിയിലെത്തുമ്പോള്‍ 90 രൂപയോ അതില്‍ക്കൂടുതലോ ആവാം. 20 രൂപ കിലോഗ്രാമിനു വിലയുണ്ടായിരുന്ന പച്ചമുളകിന് 30 മുതല്‍ 50 രൂപ വരെയാണ് മൊത്തവിപണിയിലെ വില.

ദിവസേന ഒന്നോ രണ്ടോ രൂപയാണ് സവാളയില്‍ കൂടിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 23 രൂപയാണ് മൊത്ത വിപണിവില. ചില്ലറ വില ഇതിനകം 30 രൂപയിലെത്തിക്കഴിഞ്ഞു. വെള്ളം കയറിയതോടെ വയനാട്ടിലെയും കുടകിലെയും തോട്ടങ്ങളില്‍നിന്ന് ഇഞ്ചി പറിക്കാനാവാത്തതിനാല്‍ വിപണിയില്‍ ഇഞ്ചിയെത്തിയിട്ടില്ല. വിലയാകട്ടെ കുത്തനെ ഉയര്‍ന്നുകഴിഞ്ഞിട്ടുമുണ്ട്. മൂത്തതിന് 200 രൂപയും ഇളയതിന് 110 രൂപയുമാണ് കിലോവില. ചെറിയ ഉള്ളിക്ക് ഒറ്റ ദിവസംകൊണ്ട് 10 രൂപ കൂടി 58 രൂപയെത്തി. ചില്ലറവില 70 മുതല്‍ 80 രൂപ വരെയായിക്കഴിഞ്ഞു. പച്ചക്കറികളുടെ വരവ് കുറഞ്ഞാല്‍ വില ഇനിയും കൂടും.

മീന്‍ വിപണിയില്‍ ലഭ്യമല്ലാത്തതും പച്ചക്കറി വിലകൂടാന്‍ കാരണമായിട്ടുണ്ട്. അരി, പയര്‍, പരിപ്പ്, മുളക് എന്നിവയുടെയും വില കൂടുമെന്ന സൂചന മൊത്തവ്യാപാരികള്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വിപണിയില്‍ ഇടപെടാന്‍ സാധിക്കാത്തതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്.

വ്യാപാരികള്‍ പച്ചക്കറി പഴം കയറ്റുമതിയുടെ അളവു കുറയ്ക്കാനും നിര്‍ബന്ധിതരാകുകയാണ്. ദിവസം 120 ടണ്‍ പഴം പച്ചക്കറി കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളില്‍നിന്നു പോയിരുന്ന സ്ഥാനത്ത് ഇതിനകം 20 ടണ്ണെങ്കിലും കുറവു വന്നിട്ടുണ്ട്. പഴം, പച്ചക്കറി കയറ്റുമതിയില്‍ 60% വാഴപ്പഴങ്ങളാണ്.

Top