വീരേന്ദ്രകുമാര്‍ ഒരു പാഠപുസ്തകമെന്ന് ഡി.വൈ.എഫ്.ഐ പ്രസിഡന്റ്

ന്തരിച്ച എംപി വിരേന്ദ്രകുമാര്‍ എംപിയെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. ‘വീരേന്ദ്രകുമാര്‍ ഒരു പാഠപുസ്തകം’ എന്നാണ് പിഎ മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കുറിപ്പിട്ടത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

‘വീരേന്ദ്രകുമാര്‍ ഒരു പാഠപുസ്തകം’

ഇന്ന് ശ്രീ.എം പി വീരേന്ദ്രകുമാറിനെ അവസാനമായി കാണുവാന്‍ അദ്ദേഹത്തിന്റെ വസതിയിയുടെ ഗേറ്റ് കടന്ന് നടക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് ഓടി വന്നത് ഒരു വര്‍ഷം മുമ്പ് അതേയിടത്ത് പോയപ്പോള്‍ ഉള്ള ഓര്‍മ്മകളാണ്.

2019 ജൂണ്‍ 5ന് ഉഥഎക യുടെ പരിസ്ഥിതി ക്യാമ്പയിന് ജില്ലാ തല ഉദ്ഘാടന പരിപാടിക്ക് വേണ്ടിയായിരുന്നു അന്നത്തെ സന്ദര്‍ശനം.
ആ വീട്ടിലെ വിശാലമായ മുറിയിലെ സോഫയില്‍ ഇരുന്ന് ഞാനും അദ്ദേഹവുമായുള്ള സംസാരം പരിസ്ഥിതിയില്‍ തുടങ്ങി വീണ്ടും അധികാരത്തില്‍
വന്ന മോദി സര്‍ക്കാരിലെത്തി.

dyfi ജില്ല പ്രസിഡന്റ് വസീഫ് പരിപാടി തുടങ്ങുവാന്‍ വന്നു വിളിച്ചത് വകവെക്കാതെ ഞങ്ങളുടെ സംസാരം കുറച്ച് കൂടി മുന്നോട്ട് കൊണ്ട് പോയിട്ടാണ് അവസാനിപ്പിച്ചത്.

പരിപാടി കഴിഞ് ഒരു ദീര്‍ഘ യാത്രക്ക് പോകുവാനുള്ളത് കൊണ്ട് വേഗം മടങ്ങുമ്പോളും അദ്ദേഹം എന്റെ കൈ വിടാതെ മുറുകെ പിടിച്ചിരുന്നു.
ഇനിയുമൊരുപാട് അദ്ദേഹത്തിന് പറയാനുണ്ടെന്ന്ആ കൈപിടുത്തം എന്നെ ബോധ്യപ്പെടുത്തി. പിന്നീടും ഞാന്‍ അദ്ദേഹത്തെ കാണുവാന്‍ അവിടെ പോയിരുന്നു.

ഓര്‍മ്മവരുന്നു മറ്റൊരു സംഭവം 2019 ഏപ്രില്‍ 20ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ചുള്ളതാണ്. ശ്രീ നരേന്ദ്രമോഡി കേരളത്തെയാകെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ‘മാനവസൗഹൃദ സദസ്സ്’ എന്ന പരിപാടിയില്‍ എന്റെ സംസാരം കേട്ടതിനു ശേഷം ഉദ്ഘാടകന്‍ ആയിരുന്ന അദ്ദേഹം എന്നെ അരികില്‍ വിളിച്ചിരുത്തി പറഞ്ഞു’സ്വാമി വിവേകാനന്ദന്‍ ഉള്‍പ്പടെ ഉയര്‍ത്തിയ നവോത്ഥാന മൂല്യങ്ങള്‍ വിളിച്ചു പറയുന്ന സെമിനാര്‍ നമുക്ക് കോഴിക്കോട് നടത്തണം.’

‘വിവേകാനന്ദന്‍ സന്യാസിയും മനുഷ്യനും’എന്ന ജീവചരിത്രത്തിന്റെ സൃഷ്ടാവ് തന്നെ,അതും ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് എന്നോട് സൂചിപ്പിച്ചത് ഒരു കാലത്തും എനിക്ക് മറക്കുവാനാകില്ല. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളുടെ പ്രസക്തി വര്‍ത്തമാനകാലത്ത് വര്‍ദ്ധിച്ചു എന്നത് അദ്ദേഹം പറയുമ്പോള്‍ ഉദാഹരിച്ച കാര്യങ്ങള്‍ എന്റെ മനസ്സിലൂടെ ഇപ്പോളും ഓടുന്നുണ്ട്.

നവോത്ഥാനത്തെക്കുറിച്ച് അദ്ദേഹം തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയാകുമ്പോഴും പ്രസംഗിക്കാറുള്ളത് ഞാന്‍ പിന്നീട് ഓര്‍ത്തുപോയി. 1991, 1996, 1998, 2004 വര്‍ഷങ്ങളില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന അദ്ദേഹം പര്യടന പരിപാടികളിലെ തന്റെ പ്രസംഗത്തിലും നവോത്ഥാനവും വിവേകാനന്ദനും പരാമര്‍ശിക്കാറുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുമ്പോഴാണ് ഒരു കാര്യം കൂടെ സൂചിപ്പിക്കണമെന്ന് തോന്നുന്നത്.അത് 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്

2009ല്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി എന്നെ ഘഉഎ നിശ്ചയിച്ചപ്പോള്‍ മറുക്യാമ്പില്‍ നിന്നും ഒരാള്‍ ഫോണ്‍ വിളിച്ച് ചിലത് ശ്രദ്ധയില്‍പെടുത്തിയിരുന്നു.പല തരത്തിലും, പല കോണുകളിലും നിന്നുള്ള പ്രത്യാക്രമണങ്ങള്‍ വ്യക്തിപരമായി ഞാന്‍ നേരിടേണ്ടിവരുമെന്നുള്ളതായിരുന്നു.

വ്യക്തിപരമായ ബന്ധമുള്ള ഒരാളാണ് അത് പറഞ്ഞത് എന്നുള്ളതുകൊണ്ടുതന്നെ അതൊരു ഭീഷണിയായിട്ടായിരുന്നില്ല എനിക്ക് തോന്നിയത്.
അയാള്‍ ശ്രദ്ധയില്‍ പെടുത്തിയ സമയത്ത് ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറത്തള്ള കല്ലുവച്ച നുണപ്രചരണങ്ങളായിരുന്നു പിന്നീട് തെരെഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ നേരിടേണ്ടിവന്നത്.

പക്ഷേ നുണകള്‍ കൊണ്ട് നിര്‍മ്മിച്ച കരിങ്കല്ലുകൊണ്ടുള്ള ഏറിന്റെ വേദനകള്‍ പെട്ടെന്ന് ഇല്ലാതായി. കാരണം ആ ഏറുകള്‍ ഞാന്‍ എന്ന വ്യക്തിക്ക് നേരെയായിരുന്നില്ല,എന്റെ പ്രസ്ഥാനത്തിന് നേരെയായിരുന്നു എന്ന രാഷ്ട്രീയ ബോധം എന്നെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരുന്നു.
അതു കൊണ്ട് തന്നെ വ്യക്തിപരമായി ആരോടും അതിന്റെ പേരില്‍ ശത്രുത വെച്ച് പുലര്‍ത്തിയിരുന്നില്ല.

ഓരോ കാലവും സൃഷ്ടിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.

ശ്രീ.എം പി വീരേന്ദ്രകുമാര്‍ പിന്നീട് എല്‍ ഡി എഫിലേക്ക് വന്നതിന് ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ പലതവണ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
എന്നോട് തുറന്നുള്ള സംസാരമായിരുന്നു അദ്ദേത്തിന്റേത്. എന്റെ മനസ്സും എന്റെ ചിന്തയും അദ്ദേഹം തിരിച്ചറിഞ്ഞു എന്നെനിക്ക് ബോധ്യമായിരുന്നു.

തീര്‍ച്ചയായും വീരേന്ദ്രകുമാര്‍ ഒരു പാഠപുസ്തകമാണ്.
പാര്‍ലമെന്റെറിയന്‍,
സോഷ്യലിസ്റ്റ്,
പണ്ഡിതന്‍,
സെക്കുലര്‍,
തുടങ്ങിയ പാഠങ്ങള്‍ക്കൊപ്പം അടിയന്തരാവസ്ഥയുടെ നാളുകളിലെ ജയില്‍ വാസത്തിന്റെ ത്യാഗപാഠവും അദ്ധേഹത്തില്‍ നിന്ന് നാം പഠിക്കേണ്ടതുണ്ട്.

പി എ മുഹമ്മദ് റിയാസ്

Top