ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി എം. വീരപ്പ മൊയ്‌ലി

ന്യൂഡല്‍ഹി: നികുതി ഭീകരവാദവും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതും ഭയപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലി. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശിവകുമാര്‍ ഒരു രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ഒരു മുന്‍ മന്ത്രിയും നിക്ഷേപകനും കൂടിയാണ്. അന്വേഷണം നടത്താം. പക്ഷേ അതൊരിക്കലും രാഷ്ട്രീയ ഉദ്ദേശ്യത്തോടു കൂടിയാവരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഫേ കോഫി ഡേ സി.എം.ഡി സിദ്ധാര്‍ഥയുടെ ആത്മഹത്യയും അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പും നികുതി ഭീകരവാദം എന്തെന്നു കാണിച്ചു തന്നെന്നും മൊയ്ലി പറഞ്ഞു.

നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ഡല്‍ഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Top