മുഹമ്മദ് റിയാസിനും വീണയ്ക്കും വിവാഹാശംസകള്‍ നേര്‍ന്ന് ബിനീഷ് കോടിയേരി

ന്ന് വിവാഹിതരാകുന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ.മുഹമ്മദ് റിയാസിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനും വിവാഹ മംഗളാശംസകളുമായി നടന്‍ ബിനീഷ് കോടിയേരി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ബിനീഷിന്റെ ആശംസകള്‍.

‘പ്രിയ സുഹൃത്തുക്കള്‍ വിവാഹിതരാകുന്നു, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സമര സംഘടനാ പ്രവത്തനത്തിലെ പോരാട്ടങ്ങളില്‍ ഒരുമിച്ചുണ്ടായിരുന്ന പ്രിയ സുഹൃത്ത് സഖാവ് പി.എ. മുഹമ്മദ് റിയാസും ബാല്യകാല സുഹൃത്തായ വീണ വിജയനും ഇന്ന് വിവാഹിതരാകുന്നു.വിവാഹ മംഗളാശംസകള്‍.’ബിനീഷ് കുറിച്ചു.

പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. വിവേക് കിരണ്‍ സഹോദരനാണ്. ഐടി ബിരുദധാരിയായ വീണ 6 വര്‍ഷം ഓറക്കിളില്‍ പ്രവര്‍ത്തിച്ച ശേഷം തിരുവനന്തപുരത്ത് ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി. 2014 മുതല്‍ ബെംഗളൂരുവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ എംഡി ആയി പ്രവര്‍ത്തിക്കുന്നു.

മുന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ പി.എം.അബ്ദുല്‍ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. എസ്എഫ്‌ഐയിലൂടെയും ഡിവൈഎഫ്‌ഐയിലൂടെയും വളര്‍ന്നു സിപിഎം യുവനേതൃത്വനിരയില്‍ ശ്രദ്ധേയനായി മാറിയ റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2017ല്‍ അഖിലേന്ത്യാ അധ്യക്ഷനായി. 2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് എം.കെ.രാഘവനോട് 838 വോട്ടിനു പരാജയപ്പെട്ടു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ഉറ്റബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ വിവാഹമാണ് നിശ്ചയിച്ചിരിക്കുന്നത്.

Top