മുഹമ്മദ് റിയാസും വീണ വിജയനും ഇന്ന് വിവാഹിതരാകുന്നു; ചടങ്ങ് ക്ലിഫ് ഹൗസിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകുന്നു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില് ലളിതമായ ചടങ്ങുകളോടെ പത്തരയ്ക്കാണു വിവാഹം.

പിണറായിയുടെയും കമലയുടെയും ഏക മകളാണ് വീണ. ഐടി ബിരുദധാരിയായ വീണ 6 വര്‍ഷം ഓറക്കിളില്‍ പ്രവര്‍ത്തിച്ച ശേഷം തിരുവനന്തപുരത്ത് ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി. 2014 മുതല്‍ ബെംഗളൂരുവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ എംഡി ആയി പ്രവര്‍ത്തിക്കുകയാണ്.

മുന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ പി.എം. അബ്ദുല്‍ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. എസ്എഫ്‌ഐയിലൂടെയും ഡിവൈഎഫ്‌ഐയിലൂടെയും വളര്‍ന്നു സിപിഎം യുവനേതൃനിരയില്‍ ശ്രദ്ധേയനായി മാറിയ റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2017ല്‍ അഖിലേന്ത്യാ അധ്യക്ഷനായി. 2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് എം.കെ.രാഘവനോട് 838 വോട്ടിനു പരാജയപ്പെട്ടു.

Top