ദത്ത് വിവാദം; അസാധാരണവും സങ്കീര്‍ണവുമായ കേസെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്നുള്ള അനുപമയുടെ ആവശ്യത്തിന്‍മേല്‍ വനിത ശിശുവികസന വകുപ്പ് രണ്ട് നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിലൊന്ന് ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടത്താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ സെക്രട്ടറി അതനുസരിച്ചുള്ള തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തു.

രണ്ടാമത്തേത് നിയമപരമായ നടപടിയാണ്. അനുമപയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി വഞ്ചിയൂര്‍ കോടതിയില്‍ അവസാനഘട്ടത്തിലാണ്. അനുപമയുടെ ആവശ്യം സംബന്ധിച്ചും കുഞ്ഞിനെ ലഭിക്കുന്നത് സംബന്ധിച്ചും സ്‌റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സി ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഇതോടൊപ്പം വകുപ്പ് അന്വേഷണം നടത്തുന്ന വിവരവും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

കോടതിയുടെ അവസാന വിധി വന്നതിന് ശേഷം സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളിലേക്ക് പോകും. അതിലേക്ക് അനുപമയെ തള്ളിവിടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനുപമയെ ഫോണില്‍ വിളിച്ചിരുന്നു. പ്രസവിച്ച അമ്മയുടെ ആവശ്യം ന്യായമാണ്. അമ്മയുടെ അടുത്ത് കുഞ്ഞ് കഴിയണം.

കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ കണ്ടെത്തിയതു മുതല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന കൃത്യമായ റിപ്പോര്‍ട്ടാണ് ചോദിച്ചത്. പ്രാഥമിക റിപ്പോര്‍ട്ട് അടുത്ത ദിവസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫൈനല്‍ റിപ്പോര്‍ട്ട് ഏതാനും ദിവസത്തിനകം ലഭിക്കും. വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top