മഴക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന തുടങ്ങിയെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ പരിശോധനകളിലൂടെ കഴിഞ്ഞ 10 ദിവസങ്ങളിലായി ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 164 പരിശോധനകളും 1372 മറ്റ് പരിശോധനകളും ഉള്‍പ്പെടെ ആകെ 1536 പരിശോധനകളാണ് നടത്തിയത്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാനത്തെ മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്ക്പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഏഴ് സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കി. 269 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 10 ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് മികച്ച എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഓപ്പറേഷന്‍ മത്സ്യയുടെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് 1372 പരിശോധനകള്‍ നടത്തി. 212 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍, 494 സര്‍വൈലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കി. 131 കോമ്പൗണ്ടിംഗ് നോട്ടീസ്, 164 റെക്ടിഫിക്കേഷന്‍ നോട്ടീസ് എന്നിവ വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നല്‍കി. അതുകൂടാതെ സംസ്ഥാനത്തെ ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി മറ്റ് ഈറ്ററിസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഏഴ് ‘ഫോസ്റ്റാക്’ ട്രെയിനിങ് നടത്തി. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടുണ്ട് എന്ന് പരിശോധന വേളകളില്‍ ഉറപ്പുവരുത്തുന്നു.

മഴക്കാലം കണക്കിലെടുത്ത് ജലജന്യ രോഗങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന ജലത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വാട്ടര്‍ ക്വാളിറ്റി ടെസ്റ്റ് റിപ്പോര്‍ട്ട് സ്ഥാപനങ്ങള്‍ എടുക്കണമെന്ന് നിര്‍ബന്ധമാക്കുകയും ആയത് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഷവര്‍മ്മ നിര്‍മ്മാണ വില്‍പന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഷവര്‍മ്മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നതും ഉറപ്പുവരുത്തുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും മൊബൈല്‍ ലാബുകള്‍ മുഖേന പരിശോധന, അവബോധം, പരിശീലനം എന്നിവയും നടത്തിവരുന്നു. ഭക്ഷണ പാഴ്സലുകളില്‍ തീയതിയും സമയവും ഉള്‍പ്പെട്ട സ്ലിപ്പ് പതിപ്പിക്കുന്നുണ്ടോ എന്നും പരിശോധിച്ച് നടപടി സ്വീകരിച്ചു വരുന്നു.

Top