കൊവിഡ് വകഭേദങ്ങളില്ല,എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കുക. കിടപ്പ് രോഗികൾ, വയോജനങ്ങൾ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.

രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവരും പ്രിക്കോഷൻ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും പ്രിക്കോഷൻ ഡോസ് എടുക്കണം. സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്താൻ യോഗം ചേർന്നു. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകൾ കൂടുതൽ. ആ ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. കൊവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്‌സിനും പ്രിക്കോഷൻ ഡോസും എടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. അത് ആപത്തുണ്ടാക്കാം. രണ്ട് ഡോസ് വാക്‌സിനും പ്രിക്കോഷൻ ഡോസും കൃത്യമായ ഇടവേളകളിൽ എടുത്താൽ മാത്രമേ ഫലം ലഭിക്കൂവെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

Top