പി.സി ജോര്‍ജിന്റെ ആരോപണം പ്രതികരണം പോലും അര്‍ഹിക്കുന്നില്ല: വീണാ ജോര്‍ജ്

പത്തനംതിട്ട: പിസിജോര്‍ജ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. രഹ്ന ഫാത്തിമയെ താന്‍ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന പി.സി ജോര്‍ജിന്റെ ആരോപണം പ്രതികരണം പോലും അര്‍ഹിക്കുന്നില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

നിരപരാധികളുടെ മേല്‍ ഈ രീതിയിലുള്ള അപവാദ പ്രചാരണങ്ങള്‍ നടത്തിയാല്‍ തലമുറകളോളം വിട്ടുമാറാത്ത ശാപം ഉണ്ടാകും എന്നത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെ അദ്ദേഹത്തെ ഓര്‍മിപ്പിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

പത്തനംതിട്ടയിലെ ഇലക്ഷനെക്കുറിച്ചും വീണാ ജോര്‍ജ് സംസാരിച്ചു. ജനാധിപത്യ വ്യവസ്ഥയും രീതിയും അനുസരിച്ച് ആര്‍ക്കുവേണമെങ്കിലും മത്സരിക്കാം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ജനങ്ങള്‍ തീരുമാനിക്കും ആര്‍ക്കാണ് വോട്ട് നല്‍കേണ്ടതെന്ന്. ഇടതുപക്ഷവും യുഡിഎഫും തമ്മിലായിരിക്കും ശക്തമായ പോരാട്ടമുണ്ടാകുക. ബാക്കി ആരുവേണമെങ്കിലും മത്സരിച്ചോട്ടെ അത് പ്രശ്നമേയല്ല. ഇവിടെ വികസനത്തിന് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് വീണ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ രണ്ടേമുക്കാല്‍ വര്‍ഷം എന്റെ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ സ്ഥാനാര്‍ഥിത്വത്തെ കാണുന്നതെന്നും അവര്‍ പറഞ്ഞു.

പത്തനംതിട്ടയുടെ ആവശ്യം വികസനമാണ് 10 വര്‍ഷമായിട്ടും വികസനം ചെയ്യാതെ ഇരുന്നിട്ട് ശബരിമല വിഷയം ഉയര്‍ത്തുന്നവരെ ജനം തള്ളിക്കളയും. 10 വര്‍ഷമായി ഈ മണ്ഡലത്തില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. ഉദാഹരണത്തിന് ശബരി റെയില്‍പാതയെടുക്കാം, എവിടെ ശബരി റെയില്‍പാത? എവിടെയാണ് അത് തുടങ്ങിയിട്ടുള്ളത് ഇതൊക്കെ ജനങ്ങള്‍ കാണുകയല്ലെ ചെയ്യുന്നത്. ആരാണ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്, വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ആരാണ് ഇതെല്ലാം ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ വികസനത്തിന് വേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനം വോട്ടു ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇടതുപക്ഷത്തിന് വലിയ വിജയം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകും. വലിയ ഭൂരിപക്ഷത്തില്‍ തന്നെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികള്‍ വിജയിക്കും. പ്രത്യേകിച്ച് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അട്ടിമറി വിജയം നേടുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

Top