വീണാ ജോര്‍ജ് അറിഞ്ഞു കൊണ്ടാണ് പല അഴിമതികളും നടക്കുന്നത്; ആരോപണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വീണാ ജോര്‍ജ് അറിഞ്ഞു കൊണ്ടാണ് പല അഴിമതികളും നടക്കുന്നത്. അവര്‍ക്കെതിരായ നീക്കം സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയാണ്. ഇതുവരെയുള്ള അഴിമതി മൂടാനാണ് ശ്രമമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ആരോഗ്യവകുപ്പിലെ അഴിമതികള്‍ മറച്ചുവെക്കാനാണ് വിവാദങ്ങളെന്നും പ്യൂണ്‍ മുതല്‍ ഡോക്ടര്‍മാരുടെ നിയമനത്തില്‍ വരെ അഴിമതിയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയും മന്ത്രിമാരും സഹകരണ ബാങ്കുകളില്‍ പണം നഷ്ടപ്പെട്ടവരെ കാണണമെന്നും ഇഡി അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 2016-ലെ നോട്ട് നിരോധനത്തിനെതിരെ സമരം ചെയ്തത് പിണറായി വിജയനാണ്. സഹകരണ ബാങ്ക് വിഷയത്തില്‍ യുഡിഎഫിന്റെ സമരം കേന്ദ്രസര്‍ക്കാരിനെതിരെയാണ്.

അന്വേഷണത്തില്‍ കുഞ്ഞാലിക്കുട്ടിക്കും ഭയമാണ്. നവംബറില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സഹകരണ സംരക്ഷണ സമ്മേളനം കോട്ടയത്ത് നടത്തുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. തൃശ്ശൂരില്‍ കാര്യങ്ങള്‍ സുരേഷ് ഗോപി ചിന്തിക്കുന്ന രീതിക്കാണ് പോകുന്നത്. സുരേഷ് ഗോപി രാജ്യസഭാംഗമായത് ഇഡി കളമൊരുക്കിയിട്ടാണോ എന്ന് ചോദിച്ച സുരേന്ദ്രന്‍ സഹകരണ ബാങ്ക് വിഷയത്തില്‍ എ സി മൊയ്ദീന്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും പറഞ്ഞു. അഴിമതിക്ക് പിന്നില്‍ മൊയ്തീന്റെ കറുത്ത കൈകളാണ്. പരാതിയുണ്ടെങ്കില്‍ ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കുകളിലും അന്വേഷണം നടക്കട്ടെയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Top