മെഡിക്കല്‍ കോളേജുകളിലെ ജീവനക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന ശക്തമാക്കണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രിയുടെ പുതിയ നിര്‍ദ്ദേശം.

മെഡിക്കല്‍, നഴ്‌സിഗ് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കി.സുരക്ഷാ ജീവനക്കാര്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പു വരുത്തുകയും ,ഉത്തരവാദിത്തപ്പെട്ടവര്‍ നിര്‍ബന്ധമായും ഇത് നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.ജീവനക്കാരും പൊതുജനങ്ങളും ഇതുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടറെ പിടികൂടിയ സംഭവം ഒറ്റപ്പെട്ടതാണെങ്കിലും ഇനിയാവര്‍ത്തിക്കാനാണ് പുതിയ നിര്‍ദ്ദേശം.രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ എന്തെങ്കിലും സംശയം തോന്നിയാല്‍ സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കണമെന്നും മന്ത്രി അറിയിച്ചു.കൂടാതെ രോഗിയുടെ കൂട്ടിരിപ്പിന് ഒരാള്‍ക്ക് മാത്രമേ അനുവാദമുള്ളു.അല്ലാത്തപക്ഷം ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ മറ്റൊരാള്‍ക്ക് കൂടി പാസ് അനുവാദിക്കുകയുള്ളു.

Top