ബി.പി.സി.എലിനെ സ്വന്തമാക്കാനൊരുങ്ങി വേദാന്ത

ന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണ കമ്പനിയായ ബി.പി.സി.എലിന്റെ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി വേദാന്ത. ഓഹരി വാങ്ങുന്നതിന് പ്രാഥമിക താല്‍പര്യപത്രം നല്‍കിയതായി കമ്പനി സ്ഥിരീകരിച്ചു. ബി.പി.സി.എലിലെ 52.98ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. നവംബര്‍ പതിനാറായിരുന്നു താല്‍പര്യപത്രം നല്‍കുന്നതിനുള്ള അവസാനതിയതി.

നിലവിലുള്ള എണ്ണ-വാതക ബിസിനസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബി.പി.സി.എലുമായുള്ള കൂട്ട് ഗുണം ചെയ്യുമെന്നാണ് വേദാന്ത കരുതുന്നത്. ബി.പി.സി.എലിനെ ഏറ്റെടുക്കുന്ന കാര്യത്തില്‍ സൗദി ആരാംകോയുടെ പേരും തുടക്കം മുതല്‍ കേട്ടിരുന്നു. എന്നാല്‍ സൗദി ആരാംകോയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ബിപിസിഎല്‍ വാങ്ങാന്‍ താല്‍പര്യപത്രം നല്‍കിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

ഗുജറാത്തില്‍ ഒരു റിഫൈനറി മാത്രമുള്ള എസ്സാര്‍ ഓയിലിനെ 2017-ല്‍ 86,000 കോടി രൂപയ്ക്കാണ് റഷ്യയിലെ റോസ്നെഫ്റ്റും പങ്കാളികളും ചേര്‍ന്ന് ഏറ്റെടുത്തത്. കൊച്ചി റിഫൈനറി ഉള്‍പ്പെടെ നാല് എണ്ണശുദ്ധീകരണ ശാലകളില്‍ നിന്നായി 3.83 കോടി ടണ്‍ ക്രൂഡോയില്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള ബി.പി.സി.എല്ലിന് എട്ടു ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്.

Top