ധൈര്യമുണ്ടെങ്കില്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കു; കേന്ദ്രസര്‍ക്കാരിനു നേരെ വെല്ലുവിളി

ന്യൂഡല്‍ഹി: ബജറ്റ് ചെര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് ശിവസേന എംപി വിനായക് റാവത്ത്.നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കൂവെന്നാണ് വിനായക് റാവത്ത് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചത്.

എന്‍ആര്‍സിയെ എതിര്‍ത്ത എംപി, രാജ്യത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും സ്ത്രീകള്‍ക്കുനേരയുള്ള ആക്രമണവുമാണെന്ന് ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. എന്‍ആര്‍സി ചര്‍ച്ചയിലൂടെ ബിജെപി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും റാവത്ത് പറഞ്ഞു.

നിങ്ങള്‍ എന്‍ആര്‍സി നടപ്പാക്കുകയാണെങ്കില്‍ 35 കോടി ജനങ്ങള്‍ക്ക് തടങ്കല്‍പാളയം നിര്‍മിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന നല്‍കണമെന്നാണ് ശിവസേനയുടെയും ആവശ്യം.

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍സിപി സഖ്യവുമായി അധികാരത്തിലേറിയ ശേഷം ശിവസേന പരസ്യമായി ആവശ്യം ഉന്നയിച്ചിട്ടില്ല.

Top