രാജീവിന്റേത് ആത്മഹത്യയല്ല കൊലപാതകം, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്നും വിഡി സതീശന്‍

പത്തനംതിട്ട: പ്രകൃതിക്ഷോഭവും കാലാവസ്ഥ വ്യതിയാനവും മൂലം കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നശിച്ചു പോയ നെല്ല് സര്‍ക്കാര്‍ ഉടനടി സംഭരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ രാജീവ് സരസന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സതീശന്റെ പ്രതികരണം. കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

രാജീവിന്റെ ആത്മഹത്യ യഥാര്‍ത്ഥത്തില്‍ കൊലപാതകമാണെന്നും, കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും സതീശന്‍ പറഞ്ഞു. കേരളം മുഴുവന്‍ ജപ്തി നോട്ടീസ് വിതരണം ചെയ്യുകയാണ്. കേരള ബാങ്ക് നടപടിയും ഭിന്നമല്ലെന്നാണ് സതീശന്റെ ആക്ഷേപം.

വേനല്‍ മഴയില്‍ സംസ്ഥാനത്ത് 261 കോടിയുടെ കൃഷി നാശമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഴ കനത്താല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും. കുട്ടനാട്ടില്‍ നശിച്ചു പോയ നെല്ല്, നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ പൂര്‍ണമായും സംഭരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപെട്ടു. വ്യാപക കൃഷി നാശം ഉണ്ടായ കുട്ടനാട്ടില്‍ യുഡിഎഫ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കാര്‍ഷിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ശക്തമായ സമരം തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അപ്പര്‍ കുട്ടനാട്ടിലെ നിരണം സ്വദേശി രാജീവന്‍ പത്താം തീയതി രാത്രിയാണ് തൂങ്ങി മരിച്ചത്. വേനല്‍ മഴയില്‍ വ്യാപകമായി കൃഷി നശിച്ചതും കട ബാധ്യതയുമാണ് ആത്മഹത്യക്ക് കാരണം. കൃഷി നാശത്തിന് മതിയായ നഷ്ട്ടപരിഹാരം കിട്ടാത്തതിനെതിരെ രാജീവന്‍ അടക്കം 10 കര്‍ഷകര്‍ ഹൈകോടതിയില്‍ റിട്ട് നല്‍കിയിരുന്നു. ഇതിനൊരു തീരുമാനം ആകും മുന്‍പാണ് രാജീവിന്റെ വിയോഗം.

Top