പി സി ജോര്‍ജിന്റെ അറസ്റ്റ് നാടകമായിരുന്നു: വി ഡി സതീശന്‍

കൊച്ചി: വിദ്വേഷ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ മുൻ എംഎൽഎ പി സി ജോർജിനെ മുൻപ് അറസ്റ്റ് ചെയ്ത സംഭവം വെറും നാടകമായിരുന്നെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാരിന് താൽപര്യമില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് മുൻപും അറസ്റ്റ് ആകാമായിരുന്നു. എന്നാൽ തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ പുതിയ അറസ്റ്റ് നാടകത്തിനുള്ള തിരക്കഥയാണ് ഇപ്പോൾ ഒരുങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പി സി ജോർജിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് കോടതി മുൻപാകെ സത്യവാങ്മൂലം നൽകിയ സർക്കാരാണ് ഭരിക്കുന്നതെന്ന് വി ഡി സതീശൻ ആഞ്ഞടിച്ചു. വർഗീയ പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കാൻ കഴിവില്ലാത്ത സർക്കാർ ഒഴിഞ്ഞുമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി സി ജോർജിനെ രാവിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്‌തെന്ന് ആദ്യം വരുത്തിത്തീർത്തു. പിന്നീട് സ്വന്തം കാറിൽ തിരുവനന്തപുരം വരെ സഞ്ചരിക്കാൻ അനുവദിക്കുകയും വഴിയിൽ സംഘപരിവാറിന്റെ സ്വീകരണം ഏറ്റുവാങ്ങാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്ന് പ്രോസിക്യൂട്ടർ അപ്രത്യക്ഷനാകുന്നു. കൊടുത്ത എഫ്‌ഐആറിൽ കേസുമായി ബന്ധപ്പെട്ട ഒന്നും തന്നെയില്ലെന്ന് മജിസ്‌ട്രേറ്റ് പറയുന്നു. ഇങ്ങനെ പുറത്തിറങ്ങിയ പി സി ജോർജ് വീണ്ടും ഇതേ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്നു. ഇതെല്ലാം സർക്കാർ നടത്തിയ നാടകമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Top