സുധീരന് അതൃപ്തിയുള്ളതായി അറിയില്ല, രാജി നിരാശാജനകമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് വി എം സുധീരന് അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുധീരന്‍ രാജി വെച്ചത് എന്തിനെന്ന് അറിയില്ലെന്നും, ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് കെപിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞതെന്നും സതീശന്‍ അറിയിച്ചു. തനിക്ക് വലിയ പിന്തുണയാണ് സുധീരന്‍ തന്നിരുന്നതെന്നും, അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, സുധീരന്റെ രാജി നിരാശാജനകമാണെന്നും സതീശന്‍ പറഞ്ഞു.

നേരത്തെ, കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം സുധീരന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറിയത്. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്റെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

കെപിസിസി പുനഃസംഘടന സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്റെ പരാതി. രാഷ്ട്രീയ കാര്യസമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളിലും ഒഴിവാക്കിയെന്നും സുധീരന്‍ പരാതി ഉയര്‍ത്തുന്നു.

അതേസമയം, പ്രശ്നങ്ങള്‍ കെപിസിസി പ്രസിഡന്റ് പരിഹരിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റെ പി ടി തോമസ് പറഞ്ഞു. സുധീരനെ വീട്ടിലെത്തി കെ സുധാകരന്‍ കണ്ടിരുന്നുവെന്നും പി ടി തോമസ് പ്രതികരിച്ചു.

Top