പിണറായി പിന്തുടരുന്നത് മോദി സ്‌റ്റൈല്‍; ക്ലീഷേ വാചകങ്ങള്‍ വിട്ടുപിടിക്കണമെന്ന് വി ഡി സതീശന്‍

കാസര്‍കോട്: കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതല്‍ ചേരുന്നത് പിണറായി വിജയനാണ്. മോദി സ്‌റ്റൈലാണ് പിണറായിയുടേതെന്ന് സതീശന്‍ പറഞ്ഞു.

യുഡിഎഫിന് കൃത്യമായ നിലപാടുണ്ട്. അത് വ്യക്തമായി നിയമസഭയില്‍ പറഞ്ഞിട്ടുള്ളതാണ്. അതിനുള്ള ഉത്തരം പറയാതെ അതില്‍നിന്നും രക്ഷപ്പെടാനായി അവിശുദ്ധ കൂട്ടുകെട്ടെന്ന് പറയുന്ന ക്ലീഷേ വാചകങ്ങള്‍ ദയവു ചെയ്ത് മുഖ്യമന്ത്രി പറയാതിരിക്കുക. മുഖ്യമന്ത്രി ആ പറയുന്നത് അബദ്ധമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

മലയന്‍കീഴ് സംഭവം ഞെട്ടിപ്പിക്കുന്നതെന്നും, മുഖ്യമന്ത്രിയുടെ മൂക്കിന്‍ തുമ്പത്ത് നടന്ന സംഭവമാണിത്. ഇതിന് കാരണം പൊലീസിന്റെ നിരുത്തരവാദിത്വ സമീപനമാണ്. പരാതിക്കാരെ ദുര്‍നടപ്പുകാരായി ചിത്രീകരിക്കുകയാണ് പൊലീസെന്നും, സ്ത്രീകള്‍ക്ക് കയറി ചെല്ലാന്‍ പറ്റാത്ത സ്ഥലമായി പൊലീസ് സ്റ്റേഷനുകള്‍ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top