സില്‍വര്‍ലൈന്‍ കേരളത്തെ കടക്കെണിയിലാക്കും, പദ്ധതി അതിസമ്പന്നര്‍ക്കു വേണ്ടിയെന്ന് വി.ഡി സതീശന്‍

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതി ജനവിരുദ്ധമെന്ന് ഡിപിആറിന്റെ ചില പേജുകള്‍ മാത്രം പുറത്തുവന്നപ്പോഴേ വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അതിസമ്പന്നര്‍ക്കു വേണ്ടിയാണ് പദ്ധതി തയാറാക്കുന്നതെന്നും, പദ്ധതി കേരളത്തെ കടക്കെണിയിലാക്കുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

‘ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം, നാഷനല്‍ ഹൈവേ വികസിപ്പിക്കരുത് അഥവാ വികസിപ്പിച്ചാലും ടോളിലെ തുക വര്‍ധിപ്പിക്കണം, മൂന്നാം ക്ലാസ്, സെക്കന്‍ഡ് ക്ലാസ് എസി എന്നിവയിലെ തുക വര്‍ധിപ്പിക്കണം ഇതെല്ലാം ചെയ്‌തെങ്കില്‍ മാത്രമേ സില്‍വര്‍ ലൈനില്‍ ആളു കയറുകയുള്ളൂ എന്നാണ് ഇപ്പോള്‍ പുറത്തുവിട്ട ഡിപിആറില്‍ പറയുന്നുത്. ഇതുപോലൊരു പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ കമ്യൂണിസ്റ്റുകാരെന്ന് പറഞ്ഞ് അഭിമാനിച്ചു നടക്കുന്ന ഈ സര്‍ക്കാരിന് കഴിയുമോയെന്ന് വി.ഡി.സതീശന്‍ ആരാഞ്ഞു.

ഈ ഡിപിആറില്‍ പുറത്തുവന്നിരിക്കുന്ന പേജുകള്‍ മാത്രം മതി ഈ പദ്ധതി പുറന്തള്ളാന്‍. കാരണം ഇത് ജനവിരുദ്ധ പദ്ധതിയാണ്. കേരളത്തിനു തലയ്ക്കുമീതെ കടബാധ്യതകള്‍ ഉണ്ടാക്കി വരാനിരിക്കുന്ന തലമുറയ്ക്കു പോലും കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്ന പദ്ധതിയാണ്.

ഇത് ഇടതുപക്ഷമോ വലതുപക്ഷമോ? നിയമസഭയില്‍ പല പ്രാവശ്യം ആക്ഷേപിച്ചതു പോലെ വലതുപക്ഷ വ്യതിയാനമാണ് സര്‍ക്കാരിന്. അതായത് ആസൂത്രണ പ്രക്രിയയില്‍നിന്ന് പ്രോജക്ടിലേക്കു മാറുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ അതേ വലതുപക്ഷ സമീപനമാണ് ഈ സര്‍ക്കാരിനും’- സതീശന്‍ ആരോപിച്ചു.

Top