സംസ്ഥാന സര്‍ക്കാരിന് അധികാരത്തിന്റെ ധാര്‍ഷ്ട്യമെന്ന് വിഡി സതീശന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് അധികാരത്തിന്റെ ധാര്‍ഷ്ട്യമെന്ന് വിഡി സതീശന്‍. എന്തും ചെയ്യാമെന്ന അഹന്തയാണ് സര്‍ക്കാരിന്. എന്തൊക്കെയാണ് നാട്ടില്‍ നടക്കുന്നത്. ഇതൊന്നും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റിനെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസാണ്. കേരളത്തിലെ പൊലീസ് കുറ്റവാളികള്‍ക്ക് കുടപിടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സ്വന്തം ഓഫീസ് സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന് തട്ടിപ്പ് നടത്താന്‍ വിട്ടുകൊടുത്തയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തിലെ മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയിലാണ് ഉള്ളത്. ഇതില്‍ നിന്ന് ഫോക്കസ് മാറ്റാന്‍ ശ്രമമാണ് കെ.സുധാകരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്ത് കേസില്‍ അകത്ത് പോകേണ്ടയാളാണ്. അതില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചത് കേന്ദ്രസര്‍ക്കാരാണ്. സ്വന്തക്കാരെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് മാധ്യമവേട്ടയാണ്. വ്യാജ ചെമ്പോല വാര്‍ത്തയില്‍ ദേശാഭിമാനിക്കെതിരെ കേസെടുത്തിട്ടില്ല. മോന്‍സന്റെ സിംഹാസനത്തില്‍ ഇരുന്നവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. കെ സുധാകരനെതിരെ മാത്രമാണ് കേസെടുത്തത്. ഇതിനെ നിയമപരമായും ജനത്തെ അണിനിരത്തിയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഓഫീസില്‍ നിന്നും തിട്ടൂരം വാങ്ങിയാണ് കേരളത്തിലെ പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ സുധാകരനെ അറസ്റ്റ് ചെയ്താല്‍ അപ്പോള്‍ കാണാം. എഐ ക്യാമറ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. കെ സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് ചിലരെ ഭീഷണിപ്പെടുത്തിയാണ്. മുഖ്യമന്ത്രിയുടെ പിഎസിനെതിരെ മോന്‍സന്‍ മാവുങ്കലിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം. മോന്‍സന് വിശ്വാസ്യത നല്‍കിയത് കേരളത്തിലെ പൊലീസാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പിന്നാലെ വ്യാജരേഖാ കേസില്‍ വിദ്യക്കും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്കും എതിരെ ഗുരുതര ആരോപണം വിഡി സതീശന്‍ ഉന്നയിച്ചു. വിദ്യക്ക് വ്യാജരേഖ ചമക്കാന്‍ സഹായിച്ചത് ആര്‍ഷോയാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ഷോ അഞ്ച് മിനിറ്റും പത്ത്മിനിറ്റും പരീക്ഷയെഴുതി പാസായ ആളാണ്. ഇക്കാര്യത്തിലൊന്നും സംസ്ഥാനത്ത് അന്വേഷണം നടക്കുന്നില്ല. പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത സാഹചര്യത്തില്‍ മഹാരാജാസ് ഗവേണിംഗ് ബോഡി കേസ് കൊടുക്കേണ്ടതാണ്. ഗുരുതരമായ കേസ് നേരിടുന്ന വിദ്യയെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. വിദ്യക്ക് പിറകില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ്. ആര്‍ഷോ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു.

 

Top