രാഷ്ട്രീയ പാർട്ടികൾ വ്യവസായികളിൽ നിന്ന് പണം വാങ്ങുന്നതിൽ തെറ്റില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : കരിമണൽ കർത്തയിൽനിന്നു യുഡിഎഫിലെ നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർട്ടി പ്രവർത്തനത്തിനു പണം ആവശ്യമുണ്ട്. കച്ചവടക്കാരിൽനിന്നും വ്യവസായികളിൽനിന്നുമെല്ലാം പാർട്ടികൾ സംഭാവന വാങ്ങാറുണ്ട്. അത്തരത്തിൽ പാർട്ടി ചുമതലപ്പെടുത്തിയവരാണു സിഎംആർഎലിൽനിന്നു വാങ്ങിയത്. എന്നാൽ വീണ വിജയന്റെ കേസ് വ്യത്യസ്തമാണ്. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതര ആരോപണമാണ്. കമ്പനിയുമായി കരാർ ഉണ്ടാക്കിയത് തെറ്റായ രീതിയിൽ പണം കൈപ്പറ്റുന്നതിനാണെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും പാർട്ടി പൊളിറ്റ് ബ്യൂറോയിലെ മുതിർന്ന അംഗവുമായ പിണറായി വിജയന്റെ മകൾ ടി.വീണയും വീണയുടെ കമ്പനിയും നിയമവിരുദ്ധമായി പണം നേടിയെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പുകൽപിച്ച വിഷയത്തിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം നിയമസഭയിൽ ഏതു വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കണമെന്നു തീരുമാനിക്കുന്നതു മാധ്യമങ്ങളല്ല. അഴിമതിയാരോപണം റൂൾ 50 പ്രകാരം അവതരിപ്പിക്കാൻ അനുമതി ലഭിക്കില്ലെന്നതിനാലാണ് അവതരിപ്പിക്കാതിരുന്നതെന്നും സതീശൻ പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘‘ശശിധരൻ കർത്ത കള്ളക്കടത്ത് നടത്തുന്ന ആളല്ല. പണംപിരിക്കാൻ ഏൽപ്പിച്ച നേതാക്കളുടെ പേരുകളാണു പുറത്തുവന്നത്. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയുമാണ് പണം പിരിക്കാൻ ചുമതലപ്പെടുത്തിയത്. അധികാരത്തിലിരുന്ന് ഒരു പ്രത്യുപകാരവും ചെയ്തിട്ടില്ല’’ – സതീശൻ പറഞ്ഞു. പണം വാങ്ങിയിട്ടുണ്ടെങ്കിൽ രസീത് നൽകിയിട്ടുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പരിസ്ഥിതിപ്രശ്നമുണ്ടാക്കുന്ന ബിസിനസ് തടസ്സപ്പെടുത്തുമെന്ന ഭീഷണി മറികടക്കാനാണ് രാഷ്ട്രീയ നേതാക്കൾക്കും മറ്റും പണം നൽകുന്നതെന്ന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ്കുമാർ ആദായനികുതി വകുപ്പിനു മൊഴി നൽകിയതായി ഒൗദ്യോഗിക രേഖകൾ പുറത്തുവന്നിരുന്നു.

സുരേഷ്കുമാറിന്റെ വീട്ടിൽനിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്ത രേഖയിൽ പി.വി, ഒ.സി, ആർ.സി, കെ.കെ, ഐ.കെ എന്നിങ്ങനെ ചുരുക്കെഴുത്തുകളുണ്ട്. ഈ ചുരുക്കെഴുത്തുകൾ പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നീ പേരുകളുടേതാണെന്നു സുരേഷ് മൊഴി നൽകിയിരുന്നു.

Top