പെരിയ ഇരട്ടക്കൊലക്കേസ്: സര്‍ക്കാറും സിപിഎമ്മും ഭയപ്പെട്ടത് സംഭവിച്ചെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎമ്മും സര്‍ക്കാരും ഭയപ്പട്ടതാണ് ഇപ്പോള്‍ സംഭവിച്ചത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകമെന്ന് കോണ്‍ഗ്രസും യുഡിഎഫും പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും ഏതറ്റം വരേയും പോകുമെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാരും സിപിഎമ്മും തുടക്കം മുതല്‍ ശ്രമിച്ചത്. അരുംകൊല ചെയ്യപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് പകരം കൊലയാളികളെ സംരക്ഷിക്കാനുളള ഹീനമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. സിബിഐ അന്വേഷണം തടയാന്‍ സാധാരണക്കാരന്റെ നികുതി പണത്തില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതി വരെ പോയി എന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെക്കൂടി സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് പ്രതികരണം.

Top