‘കേരളത്തെ സാമ്പത്തികമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി’;വിഡി സതീശന്‍

മലപ്പുറം: കേരളത്തെ സാമ്പത്തികമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷം നിരന്തരമായി നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നതാണ് സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട്. ബജറ്റിന് പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും ഉണ്ടാക്കി 25,874 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കിയെന്നാണ് സി.എ.ജിയുടെ കണ്ടെത്തലെന്ന് സതീശന്‍ പറഞ്ഞു.

25,874 കോടിയുടെ ഈ അധിക ബാധ്യത സര്‍ക്കാര്‍ മറച്ചു വച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ബജറ്റിന് പുറത്തുള്ള കടമെടുപ്പ് അപകടം ഉണ്ടാക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതാണ്. സഞ്ചിത നിധിയില്‍ നിന്നുള്ള പണമെടുത്താണ് വരുമാനം ഉണ്ടാക്കത്ത കിഫ്ബി വരുത്തുന്ന നഷ്ടം നികത്തുന്നത്. കഴിഞ്ഞ ബജറ്റിനും ഈ ബജറ്റിനും ഇടയില്‍ രണ്ട് തവണ വൈദ്യുതി ചാര്‍ജ് കൂട്ടി. കെട്ടിട നികുതിയും വെള്ളക്കരവും ഇന്ധന നികുതിയും എല്ലാ സേവനങ്ങളുടെയും നിരക്കുകളും കൂട്ടി. ജപ്തി നടപടികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായതും കഴിഞ്ഞ വര്‍ഷമാണ്.

ഇതിനിടയില്‍ രൂക്ഷമായ വിലക്കയറ്റമുണ്ടായി. പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സപ്ലൈകോയെയും ഈ സര്‍ക്കാര്‍ തകര്‍ത്തു. 3000 കോടിയാണ് സപ്ലൈകോയുടെ നഷ്ടം. സബ്സിഡി നല്‍കേണ്ട 13 നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയിലില്ല. അധികാരത്തില്‍ എത്തിയാല്‍ സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് പറഞ്ഞവരാണ് സബ്സിഡി വെട്ടിക്കുറച്ച് വില കൂട്ടിയത്. മാവേലി സ്റ്റോറുകളില്‍ ഉണ്ടാകുന്ന വിലക്കയറ്റത്തിന്റെ പ്രതിഫലനം പൊതുവിപണിയിലും വിലക്കയറ്റമുണ്ടാക്കും. ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങളും സാധാരണക്കാരെ സങ്കടപ്പെടുത്തുന്നതാണ്. അതിനാല്‍ സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പാക്കാനുള്ള തീരുമാനം അടിയന്തിരമായി പിന്‍വലിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Top