‘വിവാദമാക്കേണ്ട’; മുഖ്യമന്ത്രിയെ ക്ഷണിച്ചത് നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനമെന്ന് സതീശൻ

തിരുവനന്തപുരം : ഉമ്മൻചാണ്ടി അനുസ്മരണം തിരുവനന്തപുരത്ത് നടത്താനും അതിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മറ്റു പാർട്ടികളിലെ നേതാക്കളെ ക്ഷണിക്കാനും കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതു സംബന്ധിച്ച് വിവാദത്തിന്റെ ആവശ്യമില്ല. എല്ലാവരെയും ഒന്നിച്ച് നിർത്താനാണ് നേതൃത്വം ശ്രമിച്ചത്. ഉമ്മൻ ചാണ്ടിയുടെ രീതിയും അതായിരുന്നു. മുതിർന്ന നേതാക്കളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ തീരുമാനം എടുത്തത്.

പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ സംബന്ധിച്ച പ്രതികരണത്തിൽ കെപിസിസി പ്രസിഡന്റ് വ്യക്തത വരുത്തിയിട്ടുണ്ട്. തെറ്റിദ്ധാരണയിൽനിന്നുണ്ടായ വാർത്തയാണത്. ഉപതിരഞ്ഞെടുപ്പ് മൂന്നോ നാലോ മാസം കഴിഞ്ഞാണ്. സ്ഥാനാർഥിയെക്കുറിച്ച് കെപിസിസി ചർച്ച നടത്തി നിർദേശം അറിയിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷനാണ് പ്രഖ്യാപനം നടത്തുന്നത്. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അവകാശം പാർട്ടിക്കു വിട്ടു നൽകണമെന്ന് വി.ഡി.സതീശൻ അഭ്യർഥിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തൃക്കാക്കരയിൽ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. സ്ഥാനാർഥിത്വം ഒന്നോ രണ്ടോ പേർ എടുക്കുന്ന തീരുമാനമല്ല, കൂട്ടായ തീരുമാനമാണ്. അതു കൃത്യമായ സമയത്ത് ഉണ്ടാകും. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചർച്ചകൾ എല്ലാ നേതാക്കളും അവസാനിപ്പിക്കണമെന്ന് വി.ഡി.സതീശൻ പറഞ്ഞു.

സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിനു പാർട്ടി രീതികളുണ്ട്. കോൺഗ്രസ് തീരുമാനമെടുത്താൽ യുഡിഎഫ് നേതൃത്വത്തെ അറിയിച്ച് അവരുടെകൂടി സമ്മതത്തോടെയാണ് പ്രഖ്യാപനം നടത്തുന്നത്. ഇതുവരെ പാർട്ടിയിൽ സ്ഥാനാർഥി ചർച്ച ആരംഭിച്ചിട്ടില്ല. ഉടനെ ആരംഭിക്കുകയുമില്ല. തിരഞ്ഞെടുപ്പിനെ പാർട്ടി ശക്തമായി നേരിടും. അതിനുള്ള സംഘടനാ സംവിധാനവും മറ്റു കാര്യങ്ങളും ഉചിതമായ സമയത്തുണ്ടാകും. ഇപ്പോൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയില്ല.

കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ശ്രുതി തംരംഗം പദ്ധിയിൽ സർക്കാർ അടിയന്തരമായി ശ്രദ്ധ ചെലുത്തണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. പാവപ്പെട്ട കുടുംബങ്ങൾക്ക് വലിയ തുക ചെലവഴിച്ച് ഉപകരണങ്ങളുടെ അറ്റക്കുറ്റപ്പണി നടത്താൻ കഴിയില്ല. സർക്കാർ ആഘോഷ പരിപാടികൾ നടത്തുന്നതിന്റെ പകുതി പണം മതി കുട്ടികളുടെ കുടുംബത്തിന് പണം കൊടുക്കാൻ. സർക്കാർ ദയാരഹിതമായി പെരുമാറരുത്.

ഓണത്തിനു വില പിടിച്ചു നിർത്താന്‍ സപ്ലൈക്കോയ്ക്ക് കഴിയില്ല. വലിയ ബാധ്യതയിലാണ് സപ്ലൈക്കോ. കെഎസ്ആർടിസിക്ക് സംഭവിച്ചതാണ് സപ്ലൈക്കോയ്ക്കും സംഭവിക്കുന്നതെന്നും സപ്ലൈകോ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും വി.ഡി.സതീശൻ പറഞ്ഞു. വിലക്കയറ്റം നേരിടാൻ സർക്കാർ ഇടപെടുന്നില്ല. ഓണക്കാലത്ത് സാധനങ്ങൾക്കു തീപിടിച്ച വിലയാകും. ഇന്ധന സെസ് വർധിപ്പിച്ച് തിരിച്ചടിയായി. സംസ്ഥാനത്ത് ഡീസൽ വിൽപന കുറഞ്ഞു. നികുതിവെട്ടിപ്പ് തടയാൻ സംസ്ഥാനത്ത് നടപടി ഇല്ല. നികുതിവകുപ്പ് നോക്കുകുത്തിയാണ്. സർക്കാർ എല്ലാം മറച്ചുവയ്ക്കുന്നുവെന്നും വി.ഡി.സതീശൻ ആരോപിച്ചു.

Top