ലോകായുക്ത ബില്‍: അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞുവെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടതോടെ ലോകായുക്ത സംവിധാനത്തെ നോക്കുകുത്തിയാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അണ്ണന്‍ തമ്പി ബന്ധം ഇതിലും ഉണ്ടായെന്ന് വ്യക്തമാണ്. ഇത് അവിശുദ്ധ കൂട്ടുകെട്ടാണ്.

ആര്‍ക്കും ഏത് രീതിയിലുള്ള അഴിമതിയും നടത്താം. ചോദ്യം ചെയ്യാന്‍ സംവിധാനങ്ങള്‍ ഇല്ലാതായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിലും സതീശന്‍ പ്രതികരിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നത്. കേട്ടുകേള്‍വി ഇല്ലാത്ത രീതിയാണിത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും നീക്കം നടക്കുകയാണ്.

കേരളം കണ്ട ഏറ്റവും വലിയ ക്രിമിനല്‍ സംഘമായി എസ്എഫ്‌ഐ മാറിയെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സന്തുലിതാവസ്ഥ പാലിച്ചായിരിക്കും സ്ഥാനാര്‍ത്ഥിനിര്‍ണയമെന്ന് വ്യക്തമാക്കിയ വി ഡി സതീശന്‍ മൂന്നാം തീയതിയോടെ അന്തിമ പട്ടികയായേക്കുമെന്നും വ്യക്തമാക്കി.

Top