കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചാലും കെ റെയില്‍ നടപ്പാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല; വിഡി സതീശന്‍

പത്തനംതിട്ട: കേരളത്തില്‍ കെ റെയില്‍ ഒരിക്കലും നടക്കില്ലെന്നും നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു കാരണവശാലും കേരളത്തില്‍ നടപ്പാനാകാത്ത പദ്ധതിയാണത്. കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചാലും കെ റെയില്‍ നടപ്പാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. അപ്രായോഗികമായ പദ്ധതിയാണ് അത്. ഉച്ചഭക്ഷണം കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാരാണ് കെ റെയില്‍ ഉണ്ടാക്കാന്‍ പോകുന്നത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത ബാധ്യതയാണ് കേരളത്തിന്. കമ്മീഷന് വേണ്ടി മാത്രമുള്ള പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം വിമര്‍ശിച്ചു.

നവ കേരള സദസിലുടനീളം തനിക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയ ആളാണ് സജി ചെറിയാന്‍. അപകീര്‍ത്തികരമായ പരാമര്‍ശമാണ് സജി ചെറിയാന്‍ നടത്തിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരിപാടികള്‍ക്ക് വിളിച്ചാല്‍ ആളുകള്‍ക്ക് പോകേണ്ടിവരും. നവ കേരള സദസില്‍ പങ്കെടുത്ത ആരെക്കുറിച്ച് എങ്കിലും ഞങ്ങള്‍ മോശമായി പറഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി വിളിച്ച സദസ്സില്‍ ക്രൈസ്തവ നേതാക്കള്‍ പോയത് തെറ്റല്ല. അതിനു പോയവരെ കളിയാക്കുകയും പരിഹസിക്കുകയും അല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ അറിവോടുകൂടി മര്യാദയ്ക്ക് ജീവിക്കുന്ന ആള്‍ക്കാരെയാണ് സജി ചെറിയാന്‍ അപമാനിക്കുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പോയതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് ഭംഗിയായി പ്രകടിപ്പിക്കാം. രാഷ്ട്രീയത്തോട് ആളുകള്‍ക്ക് വെറുപ്പ് തോന്നുന്നത് ഇതൊക്കെ കൊണ്ടാണ്.

വി എം സുധീരന്റെ പരാമര്‍ശം ശെരിയല്ല. നേതാക്കന്മാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസം പാര്‍ട്ടിക്കുള്ളില്‍ ആണ് ചര്‍ച്ച ചെയ്യേണ്ടത്. പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിക്കുന്ന ഒരു പരാമര്‍ശവും താന്‍ നടത്തില്ല. താനും കൂടി അത് പറഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാകും. ജാതി സംവരണത്തില്‍ അഭിപ്രായം പറയാന്‍ എന്‍എസ്എസിന് അവകാശമുണ്ടെന്നും അവര്‍ക്ക് അതിന്റേതായ ന്യായങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top