വണ്ടിപ്പെരിയാര്‍ പോക്സോ കേസ്; അട്ടിമറിച്ചത് സിപിഐഎം ജില്ലാ നേതൃത്വമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വിധി ഞെട്ടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.അന്വേഷണത്തിലെ പാളിച്ചകള്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രാഥമിക തെളിവുകള്‍ ശേഖരിച്ചില്ല. പിന്നീട് തെളിവുകള്‍ സംഘടിപ്പിക്കുകയായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആറ് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട കേസ് എത്ര ലാഘവത്തോടെയാണ് കേരള പൊലീസ് കൈകാര്യം ചെയ്തത് പാര്‍ട്ടിക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. തെളിവുകള്‍ കൃത്യമായി ഹാജരാക്കിയില്ല. സിപിഐഎം ജില്ലാ നേതൃത്വമാണ് കേസ് അട്ടിമറിച്ചത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരാളെ രക്ഷപ്പെടുത്തുവാനുള്ള ശ്രമമാണ് നടന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവം നടന്ന് പിറ്റേ ദിവസമാണ് സംഭവസ്ഥലത്ത് എത്തിയത് എന്ന വിധിന്യായത്തിലെ പ്രസ്താവന തന്നെ എത്ര ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്തത് എന്നതിന് ഉദാഹരണമാണ്. ദൃക്‌സാക്ഷി ഇല്ലാത്ത കേസാണ്, എന്നിട്ടും മതിയായ ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ പൊലീസ് ശേഖരിച്ചില്ല. ഗവണ്‍മെന്റും പൊലീസും സ്വന്തം ആളുകള്‍ക്കു വേണ്ടി എന്തും ചെയ്തു കൊടുക്കും എന്നതിന്റെ തെളിവാണ് ഇത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വാളയാര്‍ കേസും സമാനമാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരെ സംരക്ഷിക്കുന്നതിന് പൊലീസ് നടത്തിയ ഗൂഢാലോചനയാണ് വാളയാറില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം. വാളയാറില്‍ സംഭവിച്ചത് വണ്ടിപ്പെരിയാറില്‍ സംഭവിക്കരുതെന്ന് ആവശ്യപ്പെട്ട് അന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എസ് സി /എസ് ടി വിഭാഗത്തിന് എതിരെ നടന്ന അതിക്രമം എന്ന് കേസില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സൂചിപ്പിച്ചും മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നീതി തേടിയുള്ള ആ കുടുംബത്തിന്റെ യാത്രയില്‍ ഞങ്ങള്‍ ഒപ്പം ഉണ്ടാകും കുടുംബത്തിന് എല്ലാ സഹായവും നല്‍കും. ഇന്നു തന്നെ വണ്ടിപ്പെരിയാറില്‍ എത്തി കുട്ടിയുടെ കുടുംബത്തെ കണ്ട് ബാക്കിയുള്ള നിയമനടപടികള്‍ക്കു വേണ്ടിയുള്ള എല്ലാ സഹായവും നല്‍കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇന്ന് വണ്ടിപ്പെരിയാറില്‍ പ്രതിഷേധ സംഗമം ഉണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും വി ഡി സതീശന്‍ പ്രതികരിച്ചു. ധനപ്രതിസന്ധിക്ക് പ്രധാന കാരണം കെടുകാര്യസ്ഥതയാണ്. കേന്ദ്ര നിലപാട് ഒരു കാരണം മാത്രം. ട്രഷറി താഴിട്ടു പൂട്ടി ധനമന്ത്രി ടൂറിലാണ്. ഉദ്യോഗസ്ഥരും ടൂറിലാണ് എന്നും വി ഡി സതീശന്‍ ആരോപിച്ചു.

Top