എസ്.എഫ്.ഐ.ഒ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് സൂക്ഷ്മതയോടെ നോക്കും: വിഡി ശതീശന്‍

മലപ്പുറം: സിപിഎമ്മിന് മീതെ സമ്മര്‍ദ്ദം ചെലുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബന്ധമുണ്ടാക്കാനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതിനായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണ്. അവിഹിതമായ ബന്ധം സംഘപരിവാറും സിപിഎമ്മും തമ്മിലുണ്ട്. മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രിയും മകളും ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എസ്.എഫ്.ഐ.ഒ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് സൂക്ഷ്മതയോടെ നോക്കും. സ്വര്‍ണ്ണക്കടത്ത് കേസിലും കരുവന്നൂര്‍ കേസിലും സംഭവിച്ചത് തന്നെയാണ് ആവര്‍ത്തിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐ.ഒയുടെ അന്വേഷണത്തിന് എന്തിനാണ് എട്ടു മാസത്തെ കാലപരിധിയെന്ന് അദ്ദേഹം ചോദിച്ചു. രണ്ടാഴ്ച കാലം കൊണ്ട് നോക്കിത്തീര്‍ക്കാവുന്ന ഫയലുകള്‍ മാത്രമാണ് ഉള്ളത്. എസ്എഫ്‌ഐഒ അന്വേഷണം തടസപ്പെടുത്താനാണ് എക്‌സാലോജിക് കമ്പനിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ബെംഗളൂരു ഹൈക്കോടതിയില്‍ പോയത്. മടിയില്‍ കനമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മുഖ്യമന്ത്രി ആദ്യം പറഞ്ഞത് അന്വേഷണത്തെ ഭയമില്ല എന്നാണ്. അന്വേഷണ സമയത്ത് ഇടപെടാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയുണ്ട്. എന്നിട്ടും അന്വേഷണം തടസ്സപ്പെടുത്താന്‍ പോയത് അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാര്‍ട്ടി അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇത് ജനാധിപത്യ നടപടിയാണ്. ബിജെപിയുടെ 6500 കോടി രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല. എന്തും ചെയ്യാന്‍ ഈ ഫാസിസ്റ്റ് ഭരണകൂടം മടിക്കില്ല എന്നതിന്റെ തെളിവാണിത്. നിയമപരമായി തന്നെ ഈ നടപടിയെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top