സുധീരന്റെ വീട്ടിലെത്തി വി ഡി സതീശന്‍, അനുനയിപ്പിക്കാന്‍ ശ്രമവുമായി നേതൃത്വം

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജീവച്ച വി.എം.സുധീരനെ അനുനയിപ്പിക്കാന്‍ നേതൃത്വം. സുധീരനെ വി.ഡി. സതീശന്‍ സുധീരനെ വീട്ടിലെത്തി കാണുന്നു. അതേസമയം, അദ്ദേഹത്തിന്റെ രാജി പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. സുധീരനെ കണ്ട് ചര്‍ച്ച നടത്തും. പ്രശ്‌നങ്ങളെല്ലാം തീര്‍ക്കുമെന്നും കെ.സുധാകരന്‍ പ്രതികരിച്ചു.

അതേസമയം, വി.എം സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. ആരുമായും കൂടിയാലോചന നടത്തുന്നില്ലെന്ന പരാതിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തെ, വി.എം സുധീരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ സുധീരനുമായി ആശയം വിനിമയം നടത്തും. താരീഖ് അന്‍വര്‍ തലസ്ഥാനത്ത് എത്തിയതോടെ പുനസംഘടന ചര്‍ച്ചകളും സജീവമായി.

നിലവില്‍ കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പിന്നില്‍ സുധാകരന്റെ നിലപാടുകളാണെന്ന് വിമര്‍ശനം നിലനില്‍ക്കെയാണ് മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി മാറിനില്‍ക്കുന്നത്. വി എം സുധീരനെ നേരില്‍ കണ്ട് അനുനയിപ്പിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം.

മുന്‍ കെപിസിസി അദ്ധ്യഷന്‍ കൂടിയായ സുധീരന്റെ രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നുള്ള രാജിയില്‍ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കമാന്റ് എത്രയും പെട്ടെന്ന് അനുനയിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് നേതാക്കള്‍ സുധീരനെ നേരില്‍ കാണുന്നത്. രാജി അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെന്ന വിമര്‍ശനം കെപിസിസിക്കുണ്ട്.

Top