ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി വി ഡി സതീശന്‍. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ശബരിമല നാഥനില്ലാ കളരിയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ദേവസ്വം മന്ത്രിക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കൂടേ. ശബരിമലയില്‍ ആവശ്യത്തിന് പൊലീസ് ഇല്ല. പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി അയ്യപ്പ ഭക്തരോട് പെരുമാറുന്നു. ശബരിമലയില്‍ ഏകോപനമില്ല. 2000ലധികം പൊലീസിനെയാണ് നവകേരള സദസ്സിന് നിയോഗിച്ചിരിക്കുന്നത്. ആവശ്യമാണെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു.

നവകേരള സദസ്സില്‍ കാര്യങ്ങള്‍ പറയണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കാര്യങ്ങള്‍ പറഞ്ഞ കെ കെ ശൈലജയ്ക്കും എം പി തോമസ് ചാഴികാടനും അവഹേളനമാണ് ലഭിച്ചത്. റബ്ബര്‍ കര്‍ഷകരുടെ കാര്യം പറഞ്ഞപ്പോള്‍ ചാഴികാടനെ അവഹേളിച്ചു. കോട്ടയത്തെ എം പി എവിടെവെച്ചാണ് റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയേണ്ടതെന്ന് വി ഡി സതീശന്‍ ചോദിച്ചു.

ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത് എന്ന ആരോപണങ്ങളിലും വി ഡി സതീശന്‍ പ്രതികരിച്ചു. ഏതു കാലത്താണ് ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കാത്തത്. സംഘപരിവാര്‍ അംഗത്തെ ഗവര്‍ണറുടെ സ്റ്റാഫാക്കി. അത് പ്രതിപക്ഷം തുറന്നുപറഞ്ഞു. അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിക്കുകയാണ് ചെയ്തത്. ഗവര്‍ണറെ കൊണ്ട് എല്ലാം ചെയ്യിപ്പിച്ചതിന് ശേഷം ഇപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ ചതിച്ചുവെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ഗവര്‍ണറെ കരിങ്കൊടി കാണിച്ചാല്‍ കൈകൊടുക്കണം, മുഖ്യമന്ത്രിക്ക് കരിങ്കൊടിയെങ്കില്‍ വധശ്രമത്തിന് കേസ് എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച നേട്ടമാണുണ്ടായിരിക്കുന്നതെന്ന് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Top