സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന ഒഴിവാക്കണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കേരള നിയമസഭയുടെ പൊതുശബ്ദമാകാന്‍ പുതിയ സ്പീക്കര്‍ എംബി രാജേഷിന് കഴിയട്ടേയെന്ന് ആശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്നാല്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന രാജേഷിന്റെ പ്രസ്താവന വേദനിപ്പിച്ചുവെന്നും അത് ഒഴിവാക്കണമെന്നും സതീശന്‍ അഭിനന്ദന പ്രസംഗത്തിലൂടെ തന്നെ ആവശ്യപ്പെട്ടു.

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന അങ്ങയുടെ പ്രസ്താവന ഞങ്ങളെ കുറച്ച് വേദനിപ്പിച്ചു, അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ സഭാ നാഥനായി നിയോഗിക്കപ്പെട്ട ആരില്‍ നിന്നും ഉണ്ടായിട്ടില്ല. പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും അതിന് മറുപടി നല്‍കേണ്ടി വരും. അത് സംഘര്‍ഷങ്ങളുണ്ടാക്കും, നിയമസഭയിലെത്തുമ്പോള്‍ അത് ഒളിച്ച് വയ്ക്കാന്‍ പ്രതിപക്ഷത്തിനാവില്ല. അത് സഭയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും. – വി ഡി സതീശന്‍ വ്യക്തമാക്കി.

പന്ത്രണ്ടാം നിയമസഭയുടെ സ്പീക്കറും ഇപ്പോള്‍ മന്ത്രിയുമായ കെ രാധാകൃഷ്ണന്റെ പ്രവര്‍ത്തനവും ശൈലിയും മാതൃകാപരമായിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Top