പരാതിയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും, മോദിക്കും പിണറായിക്കും ഒരേ സ്വഭാവമെന്ന് സതീശന്‍

കോഴിക്കോട്: കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പരാതിയുള്ള മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്നും, 100 ശതമാനം പൂര്‍ണതയോടെ ആര്‍ക്കും പ്രവര്‍ത്തിക്കാനാകില്ലെന്നും, കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി ഇന്ന് ഹൈക്കമാന്‍ഡിനെ കാണാനിരിക്കെയാണ് സതീശന്റെ പ്രതികരണം. മുതിര്‍ന്ന നേതാക്കന്മാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അവരുമായി സംസാരിച്ച് പരിഹാരം കാണും. എല്ലാവരുടെയും വികാരം മാനിച്ചാണ് പുനഃസംഘടന നടത്താന്‍ തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റിനെക്കുറിച്ച് ആരും എന്നോട് പരാതിപ്പെട്ടിട്ടില്ല. മുതിര്‍ന്ന നേതാക്കള്‍ എന്തെങ്കിലും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്തി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുന്നത്. സില്‍വര്‍ലൈന്‍ സഭയില്‍ കൊണ്ടുവന്നപ്പോള്‍ ദേശദ്രോഹികളുടെ കൂടെനിന്ന് പറയുകയാണെന്ന് അവര്‍ പറഞ്ഞു. മോദിയെ വിമര്‍ശിച്ചാലും പിണറായിയെ വിമര്‍ശിച്ചാലും രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. അത് ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. അതൊന്നും ഞങ്ങളോട് വേണ്ട. ഞങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കാണ് ഉത്തരം പറയേണ്ടതെന്ന് സതീശന്‍ വ്യക്തമാക്കി.

Top