കരാര്‍ നിയമനം; മുഖ്യമന്ത്രി തെറ്റായ ഉത്തരമാണ് നല്‍കിയതെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യത്തിന് തെറ്റായ ഉത്തരമാണ് നല്‍കിയതെന്നും വിഡി സതീശന്‍ ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ വിമര്‍ശനം.

പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് 11647 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചെന്നാണ്. എന്നാല്‍ അഡ്വ. പ്രാണ്‍കുമാര്‍ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ 117267 പേര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയെന്ന് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംസ്ഥാനത്ത് കഴിഞ്ഞ നാലരവര്‍ഷക്കാലം നിയമിച്ച താത്ക്കാലിക/ കരാറടിസ്ഥാന / ദിവസ വേതന ജീവനക്കാരുടെ എണ്ണം എത്ര ? പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് കത്തെഴുതി ചോദിച്ചപ്പോള്‍ കിട്ടിയത് 11674 പേര്‍ എന്നാണ്. അഡ്വ. പ്രാണ്‍കുമാര്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ കിട്ടിയത് 117267 (ഒരു ലക്ഷത്തി പതിനേഴായിരത്തി ഇരുന്നൂറ്റി അറുപത്തേഴ് ) എന്നാണ്. രണ്ടാമത്തെ ഉത്തരമാണ് ശരി. ഇത് സര്‍ക്കാര്‍ വകുപ്പുകളിലെ മാത്രം കണക്കാണ്. ഇനി അര്‍ദ്ധ സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങളിലെ കണക്ക് വേറെ വരും. ഇത്രമാത്രം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്ന ഒരു കാലവും ഉണ്ടായിട്ടില്ല. പിന്നെ എങ്ങിനെയാണ് PSC പരീക്ഷ എഴുതി കാത്ത് നില്‍ക്കുന്നവര്‍ നിയമനം ലഭിക്കുന്നത്.

Top