ഔദ്യോഗികവസതിയില്‍ കെപിസിസി മിന്നല്‍പരിശോധന നടത്തിയെന്ന വാര്‍ത്ത തള്ളി വി ഡി സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ കെപിസിസി മിന്നല്‍ പരിശോധന നടത്തിയെന്ന വാര്‍ത്തകളെ തള്ളി വി.ഡി.സതീശന്‍. തനിക്ക് എതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ കുല്‍സിത പ്രവര്‍ത്തനം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ചിലര്‍ പിന്നില്‍ നിന്ന് വലിക്കുകയാണ്. ടി.യു.രാധാകൃഷ്ണന്‍ ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വന്നതാണ്. ഒരു പണിയുമില്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. തനിക്ക് വേറെ ഒരുപാട് പണിയുണ്ട്. നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. പ്രതിപക്ഷ പ്രവര്‍ത്തനത്തിന് ഒരു തെറ്റും പറയാനില്ല. ടീം വര്‍ക്കാണ് നടക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്‍ോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആളെ അയച്ചത്. രാത്രി പത്തോടെ കെപിസിസി സംഘം കന്റോണ്‍മെന്റില്‍ എത്തിയപ്പോള്‍ അവിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നു.

നടന്നതു ഗ്രൂപ്പ് യോഗമല്ലെന്നും ‘വെറുതെ ഒന്ന് ഇരുന്നതാണെ’ന്നുമാണു യോഗത്തിലുണ്ടായിരുന്ന നേതാക്കളുടെ വിശദീകരണം. എന്നാല്‍ ഗ്രൂപ്പ് യോഗത്തിനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണു കെപിസിസി നേതൃത്വം.

 

 

 

Top