നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ചതിൽ വിമർശനവുമായി വി.ഡി സതീശൻ

കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ്. സി.പി.എം-ബി.ജെ.പി രഹസ്യബന്ധത്തിന്റെ തെളിവാണ് പരിപാടിയിലേക്ക് അമിത് ഷായെ ക്ഷണിച്ചതിലൂടെ മനസിലാകുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളംകളിയിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചത് വിസ്മയത്തോടെയാണ് കാണുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി കൊല്ലത്തെ ബൈപ്പാസ് ഉദ്ഘാടനത്തിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന്റെ പേരിൽ എൻ.കെ പ്രേമചന്ദ്രൻ എം.പിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സി.പി.എം നേതാക്കളെല്ലാം. അമിത് ഷായെ ക്ഷണിച്ചത് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ്-സതീശൻ വിമർശിച്ചു.

കോൺഗ്രസ്മുക്ത ഭാരത മുദ്രാവാക്യവും തുടർഭരണ മുദ്രാവാക്യവും ഒരുമിച്ചതിന്റെ തെളിവാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്? ലാവ്‌ലിൻ കേസാണോ സ്വർണക്കടത്തുകേസാണോ ക്ഷണത്തിന് പ്രേരണയെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായാണ് കേന്ദ്ര അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചത്. ഈ മാസം 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അമിത് ഷായെ ക്ഷണിച്ച് കത്തയച്ചത്. ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

Top