കേരളാ പൊലീസിന്റെ നിയന്ത്രണം സര്‍ക്കാരിന്റെ കൈവിട്ടു പോയി, സമനിലതെറ്റിയ പെരുമാറ്റമെന്ന്

തിരുവനന്തപുരം: കേരളത്തിലെ പൊലീസ് കുറേ നാളായി സമനിലതെറ്റിയത് പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷം പൊലീസിന്റെ നിയന്ത്രണം പൂര്‍ണ്ണമായും സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് നഷ്ടമായിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

ഇപ്പോള്‍ പാര്‍ട്ടി നേതൃത്വമാണ് എല്ലാ തലത്തിലും പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്. പൊലീസ് ഒരു സേനയെന്ന രീതിയില്‍ മുകള്‍ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥന്‍ വരെയുള്ള സംവിധാനത്തിന്റെ താളക്രമം മുഴുവന്‍ തെറ്റി. പഴയകാലത്തെ സെല്‍ഭരണം പുതിയ രീതിയില്‍ അവതരിപ്പിക്കപ്പെടുകയാണെന്നും സതീശന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെ ഗുണ്ടാ വിളയാട്ടമാണ്. അവരോട് കാണിക്കാത്ത ക്രൂരതയാണ് സാധാരണക്കാരോട് കാണിക്കുന്നത്. പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല, മുഖ്യമന്ത്രി എന്ത് സംഭവിച്ചാലും പൊലീസിനെ ന്യായീകരിക്കുകയാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

എല്ലാം ചെയ്യുകയും ചെയ്യും എന്നിട്ട് ഉദ്യോഗസ്ഥര്‍ ഒരു തെറ്റും ചെയ്തില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. പൊലീസിന്റെ പൂര്‍ണ്ണമായ നിയന്ത്രണം നഷ്ടമായി. എന്ത് സര്‍ക്കുലറുണ്ടായിട്ട് എന്താണ് കാര്യമെന്നും വിഡി സതീശന്‍ പരിഹസിച്ചു.

Top