സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുന്നു; ബഫര്‍ സോണില്‍ സര്‍ക്കാരിനെതിരെ വിഡി സതീശന്‍

ഡല്‍ഹി: ജനവാസകേന്ദ്രങ്ങളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വീണിടത്ത് കിടന്നുരുളകയാണ്. പ്രതിപക്ഷം ഉന്നയിച്ച ഒരു കാര്യത്തിനും പോലും മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

ഈ കുഴപ്പം മുഴുവന്‍ ഉണ്ടാക്കിയത് പിണറായി സര്‍ക്കാരാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വളരെ ഭംഗിയായ ചെയ്ത കാര്യം വിശദാംശങ്ങള്‍ കൊടുക്കാതെ, ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ കാലഹരണപ്പെടുത്തി 31- 10 -2019 ല്‍ ജനവാസകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ബഫര്‍ സോണ്‍ ഉണ്ടാക്കിയത് ജനങ്ങളെ സഹായിക്കാനാണോയെന്നും വിഡി സതീശന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യുഡിഎഫ് ഉപസമിതി ജനപ്രതിനിധികളെ വിളിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് രണ്ടരലക്ഷം ഹെക്ടര്‍ ഭുമിയാണ് നഷ്ടമാകുക. കേരളം പോലെ ചെറിയ ഒരു സംസ്ഥാനത്തിന് ഇത് ഉള്‍ക്കൊള്ളാന്‍ കഴുയുമോ. രാജ്യത്ത് ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്ന് ഓര്‍ക്കണം. കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതില്‍ ഇതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി വനം മന്ത്രിയുമാണ്. ജയറാം രമേശ് പരിസ്ഥിതി മന്ത്രി ആയപ്പോഴാണ് 10 കിലോമീറ്റര്‍ ബഫര്‍ സോണാക്കിയതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ബിജെപിയെ സഹായിക്കാനാണെന്നും സതീശന്‍ പറഞ്ഞു.

യുഡിഎഫ് കാലത്ത് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. അത് കോടതിയില്‍ കൊടുത്തില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് കോടതിയില്‍ അല്ല കൊടുക്കേണ്ടത്. കേന്ദ്രസര്‍ക്കാരിനാണ്. അവരാണ് സുപ്രീം കോടതിയില്‍ കൊടുക്കേണ്ടത്. 2015ല്‍ സംസ്ഥന സര്‍ക്കാര്‍ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌
വനം മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

ഉപഗ്രഹ സര്‍വേ അവ്യക്തമാണെന്ന് ഇപ്പോള്‍ സര്‍ക്കാരിന് തന്നെ മനസിലായി. അത് പൂഴത്തിവച്ചത് എന്തിനായിരുന്നു. സര്‍ക്കാരിന് ജനവാസമേഖലയെ ഉള്‍പ്പെടുത്തണമെന്നാണ് ആഗ്രഹമെന്ന് ഈ നിസംഗത കാണുമ്പോള്‍ തോന്നുന്നതെന്നും സതീശന്‍ പറഞ്ഞു.

Top