സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സുപ്രീംകോടതി വിധി രാജ്യത്തിന്റെ വിധിയാണ് എന്നാല്‍ കോടതി വിധിയെ മുഖ്യമന്ത്രി അവഹേളിക്കുക ആണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സഭയിലെ പ്രശ്‌നം സഭയില്‍ തീര്‍ക്കുന്നതാണ് കീഴ്വഴക്കമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മന്ത്രി വിചാരണ നേരിടണമെന്ന ഉത്തരവ് കേരളത്തിന് നാണക്കേടാണ്. എന്നിട്ടും മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. വിചാരണ ചെയ്യപ്പെടേണ്ട കുറ്റം തന്നെയാണ് മന്ത്രി ചെയ്തതെന്നും സതീശന്‍ പറഞ്ഞു. കോടതി ശിക്ഷിച്ചാല്‍ മാത്രം രാജിയെന്ന വാദം തെറ്റാണ്. സഭയ്ക്ക് പുറത്തേക്കും സമരം വ്യാപിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസില്‍ വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.

ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ച് എണീറ്റു. സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യംചെയ്ത നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സ്വീകരിച്ചതെന്നും മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍ രാജി ആവശ്യം മുഖ്യമന്ത്രി തള്ളി. ഇതിന് പിന്നാലെ സഭാ നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

 

Top