ലോകായുക്ത ഓര്‍ഡിനന്‍സ്; അഴിമതി നടത്തുന്നതിനുള്ള പ്രോത്സാഹനവും പച്ചക്കൊടിയുമായി മാറുമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് കേരളത്തില്‍ വ്യാപകമായി അഴിമതി നടത്തുന്നതിനുള്ള പ്രോത്സാഹനവും പച്ചക്കൊടിയുമായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

തനിക്കെതിരായ കേസ് പരിഗണിക്കാനിരിക്കെ ലോകായുക്ത കുരയ്ക്കുക മാത്രമേയുള്ളൂ കടിക്കുകയില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കിയിരിക്കുകയാണ്. കേരളത്തിലെ അഴിമതി വിരുദ്ധ സംവിധാനം തകര്‍ത്തയാള്‍ എന്ന പേരിലായിരിക്കും നവോത്ഥാന നായകനാകാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ ചരിത്രത്തില്‍ അറിയപ്പെടുക. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള സൗന്ദര്യ പിണക്കം ഒത്തു തീര്‍പ്പിലെത്തിക്കാന്‍ കേരളത്തില്‍ തന്നെ ചില ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. അതു തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ തന്നെക്കൊണ്ട് സര്‍ക്കാര്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞെങ്കിലും വൈസ് ചാന്‍സലര്‍ ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്. ഗവര്‍ണറുടെ പഴ്‌സണല്‍ സ്റ്റാഫിലേക്ക് സംസ്ഥാനത്തെ ഒരു ബി.ജെ.പി നേതാവിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ആ വാര്‍ത്ത ശരിയാണെങ്കില്‍ ഇപ്പോള്‍ നടന്നത് കൊടുക്കല്‍ വാങ്ങലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒരു കോടതിയും ഇതുവരെ നിയമ വിരുദ്ധമാണെന്നു പറയാത്തൊരു നിയമമാണ് 22 വര്‍ഷത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ നിയമ വിരുദ്ധമാണെന്ന് പറഞ്ഞത്. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അധികാരം കോടതികള്‍ക്കു മാത്രമെ ഉള്ളൂവെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി ഉത്തരവ് പ്രതിപക്ഷം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിക്കെതിരായ ഒരു കേസ് പരിഗണനയില്‍ വന്നപ്പോഴാണ് 22 വര്‍ഷമായി നിലനിന്നിരുന്ന ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍ പറഞ്ഞത്. അതിന് ഗവര്‍ണറും കൂട്ടു നിന്നു. ഭരണഘടനാ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അംഗീകാരം കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് രാഷ്ട്രപതിക്ക് അയയ്ക്കാതെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തന്നെ ഒപ്പുവച്ചത്.

ഇടതു മുന്നണിയുടെ അഴിമതി വിരുദ്ധനിലപാടിനെ തുറിച്ചു നോക്കുന്നതാണ് ഈ ഓര്‍ഡിനന്‍സെന്ന് സി. പി. ഐ നേതാവ് കാനം രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. നിയമസഭയെ നോക്കുകുത്തിയാക്കിയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തയാഴ്ച നിയമസഭ ചേരാനിരിക്കെ ഇത്ര ധൃതി കാട്ടുന്നത് എന്തിനാണെന്ന കാനത്തിന്റെ ചോദ്യം പ്രസക്തമാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും നിയമസഭയെ അവഹേളിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി വിദേശത്ത് നിന്നും മടങ്ങിയെത്താന്‍ വേണ്ടി ഗവര്‍ണര്‍ കാത്തിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചതിന് പിന്നാലെ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചു. ഇതെല്ലാം ഒത്തു തീര്‍പ്പാണ്. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഭരണഘടനാപരമായ വിഷയങ്ങളില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്നു. ഇതിനെതിരെ നിയമപരമായ വഴിതേടുമെന്നും സതീശന്‍ വ്യക്തമാക്കി.

Top