കെ സുധാകരനെതിരായ കേസ് അവജ്ഞയോടെ തള്ളുന്നു: വി ഡി സതീശൻ

കൊച്ചി: തൃക്കാക്കരയിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്തതിനെ അർഹിക്കുന്ന അവജ്ഞയോടെ യുഡിഎഫ് തള്ളിക്കളയുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മറ്റെല്ലാം പരാജയപ്പെട്ടപ്പോൾ ഉണ്ടാക്കിയെടുത്ത കേസാണ്. സുധാകരൻ പ്രസ്താവന പിൻവലിച്ചിട്ടും കേസ് എടുത്തു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്നും വി ഡി സതീശൻ ചോദിച്ചു.

സുധാകരനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിക്കുന്നു. കേസ് കോടതിയുടെ വരാന്തയിൽ പോലും നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ വി തോമസിനെ സതീശൻ പരിഹസിച്ചു. കെ വി തോമസിനെ സിപിഎം ഏത് ലോക്കറിലാണ് വച്ചിരിക്കുന്നത്. ഷോ കേസിൽ പോലും വെക്കാൻ കൊള്ളില്ല. കെ വി തോമസിനെ കൊട്ടിഘോഷിച്ചു കൊണ്ടുപോയ മുഖ്യമന്ത്രി മറുപടി പറയണം. കേരള രാഷ്ട്രീയത്തിലെ മോശം പദപ്രയോഗങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Top