ആയിഷ സുല്‍ത്താനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി.ഡി. സതീശന്‍

തിരുവനന്തപുരം: ആയിഷ സുല്‍ത്താനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. സത്യത്തിന്റെ പക്ഷത്ത് നിന്ന് പോരാടുന്ന അവരെ ഭയപ്പെടുത്താന്‍ നോക്കുന്നവര്‍ പരാജയപ്പെടുമെന്ന് ഒരു സംശയവും വേണ്ടെന്ന് വി. ഡി സതീശന്‍ ത്‌ന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അവള്‍ തലകുനിക്കില്ല. ഐഷ ഒറ്റയ്ക്കല്ല. ലക്ഷദ്വീപിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ ഒറ്റക്കെട്ടായി അവരുടെ പിന്നില്‍ ഉണ്ടെന്നും അദ്ദേഹം കുറിച്ചു.

“എന്നില്‍ ഇല്ലാത്തതും അവരില്‍ ഉള്ളതും ഒന്നാണ് ‘ഭയം’!!
ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിച്ച വാക്കുകളാണ് ഇത്. സത്യത്തിന്റെ പക്ഷത്ത് നിന്ന് പോരാടുന്ന അവരെ ഭയപ്പെടുത്താന്‍ നോക്കുന്നവര്‍ പരാജയപ്പെടുമെന്ന് ഒരു സംശയവും വേണ്ട. ആ ആത്മവിശ്വാസമാണ് ഐഷയുടെ വാക്കുകള്‍. ഫാസിസം അതിന്റെ വികൃത മുഖം ലക്ഷദ്വീപില്‍ പ്രകടമാക്കുകയാണ്. ലക്ഷദ്വീപിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സംഘ പരിവാറിന്റെ ഏജന്റായ പ്രഫുല്ല ഘോഡ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഐഷയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചാര്‍ത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വിനോദ് ദുവയുടെ പേരില്‍ പ്രധാന മന്ത്രിയെ വിമര്‍ശിച്ചതിന് രാജ്യദ്രോഹ കുറ്റം ചാര്‍ത്തിയ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ എഫ് ഐ ആര്‍ സുപ്രീം കോടതി റദ്ദാക്കിയത്. യാതൊരു ലജ്ജയുമില്ലാതെ ഒരു ജനതയുടെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഐഷയ്‌ക്കെതിരെ അതെ നിയമം വീണ്ടും ദുരുപയോഗം ചെയ്ത് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പക്ഷെ അവള്‍ തലകുനിക്കില്ല. ഐഷ ഒറ്റയ്ക്കല്ല. ലക്ഷദ്വീപിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ ഒറ്റക്കെട്ടായി അവരുടെ പിന്നില്‍ ഉണ്ട്. കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും. ഐഷയ്ക്ക് ഐക്യദാര്‍ഢ്യം!! – വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

 

Top